കൽപ്പറ്റ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ 112 പേർ കൂടി നിരീക്ഷണത്തിൽ. ഇതോടെ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 509 ആയി. മുപ്പത് പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 24 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 6 പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.

കണ്ണൂരിൽ രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പർക്കത്തിലുള്ള 5 പേരുടെയും മലപ്പുറത്ത് രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പർക്കത്തിലുള്ള ഒരാളുടെയുമാണ് പരിശോധന ഫലം ലഭിക്കാനുള്ളത്.

ജില്ലയിലെ അന്തർ സംസ്ഥാന അതിർത്തി ചെക്ക് പോസ്റ്റുകളിൽ നടത്തിയ സ്‌ക്രീനിംഗിൽ 1787 വാഹനങ്ങളിലെത്തിയ 4868 യാത്രക്കാരെ പരിശോധിക്കുകയും പനി കണ്ടെത്തിയ 8 യാത്രക്കാരിൽ 6 പേരെ ആശുപത്രികളിലേയ്ക്ക് റഫർ ചെയ്യുക്കുകയും ചെയ്തിട്ടുണ്ട്. പനി, ജലദോഷം, ചുമ , തൊണ്ടവേദന, ശ്വാസ തടസ്സം എന്നീ രോഗ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിച്ച് അവരുടെ നിർദേശ പ്രകാരം മാത്രം ചികിത്സ തേടുക. നേരിട്ട് ആശുപത്രിയിലോ ക്ലിനിക്കിലോ സന്ദർശിക്കരുതെന്നും അവർ പറഞ്ഞു.


ജാഗ്രത പ്രവർത്തനങ്ങൾ ഊർജിതമാക്കി
കർണ്ണാടകയിലെ കുടകിൽ കൊറോണ രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കുട്ട, ബാവലി ചെക്ക്‌പോസ്റ്റുകളിൽ പരിശോധന കർശനമാക്കി. ജില്ലയിൽ നിന്നുള്ള പൊതുഗതാഗതം കർണ്ണാടക അതിർത്തിവരെ മാത്രമായി ചുരുക്കും. എല്ലാ ചെക്ക്‌പോസ്റ്റുകളിലും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റെ പരിശോധന കർശനമാക്കും. ജില്ലാ പഞ്ചായത്തിന്റെ ദുരന്ത നിവാരണ സേനയ്ക്ക് ആരോഗ്യ മേഖലയിൽ പ്രത്യേക പരിശീലനം നൽകും. ഡോക്ടർമാർക്ക് വെന്റിലേഷൻ പരിശീലനം നൽകാനും തീരുമാനിച്ചു.

ജില്ലയിലെ വിവിധ കൊറോണ കെയർ സെന്ററുകളിലായി 175 കിടക്കകൾ സജ്ജീകരിച്ചു. അത്യാവശ്യ ഘട്ടത്തിൽ റിസോർട്ടുകൾ, കോളേജുകൾ, വിദ്യാലയങ്ങൾ എന്നിവയും കെയർ സെന്ററുകളാക്കി മാറ്റാൻ തഹസിൽദാർമാരെ ചുമതലപ്പെടുത്തി.
കോളനികൾ കേന്ദ്രീകരിച്ച് കുടുംബശ്രീ നിരീക്ഷണം നടത്തും. അത്യാവശ്യഘട്ടത്തിൽ കോളനികളിലേക്ക് ഭക്ഷണധാന്യങ്ങൾ ജില്ലാ ഭരണകൂടം എത്തിച്ച് നൽകും. കോളനികൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ട്രൈബൽ പ്രമോട്ടേഴ്സ്, ആശ പ്രവർത്തകർ, അയൽക്കൂട്ടം എന്നിവരെ നിയോഗിക്കും. ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം വീടുകളിൽ നിരീക്ഷണത്തിലുള്ളവർ പൊതു സ്ഥലങ്ങൾ സന്ദർശിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളിൽ പഞ്ചിംഗ് നിർബന്ധമായും ഒഴിവാക്കണമെന്നും കളക്ടർ പറഞ്ഞു. ജനങ്ങൾ പൊതു ഇടങ്ങളും ഓഫീസുകളും സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങണം.

അനാഥാലയങ്ങളിലുള്ള കുട്ടികളെ വീടുകളിലേക്ക് അയക്കുന്നതിന് ജില്ലാ ഭരണകൂടം പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വീടോ മാതാപിതാക്കളോ ഇല്ലാത്തവരെയും ദൂര സ്ഥലങ്ങളിലുള്ള കുട്ടികളും ഒഴികെ രക്ഷിതാക്കളുള്ള കുട്ടികളെ സ്വന്തം വീടുകളിലേക്ക് അയയ്ക്കണം. അനാഥാലയങ്ങളിലേക്ക് സന്ദർശകരെ പരമാവധി ഒഴിവാക്കണം. ജീവനക്കാർ പുറത്തേക്ക് പോകുന്നതും നിയന്ത്രിക്കണം.


പക്ഷിപ്പനി:
കർണ്ണാടകയിൽ നിന്നുളള കോഴിക്ക് വിലക്ക്
കൽപ്പറ്റ: കർണ്ണാടകയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലേക്ക് കർണ്ണാടക അതിർത്തി വഴി പൗൾട്രിയും അനുബന്ധ ഉൽപ്പന്നങ്ങളും കടത്തി കൊണ്ട് വരുന്നത് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. ചെക്ക്‌പോസ്റ്റ് കടന്ന് വരുന്ന വാഹനങ്ങളിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് മൃഗ സംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുളള സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുളള ഇൻഫെകറ്റഡ് സോണിൽ നിന്നോ 1 മുതൽ 10 കിലോമീറ്റർ ചുറ്റളവിലുളള സർവൈലൻസ് സോണിൽ നിന്നോ ജില്ലയിലേക്ക് പക്ഷികളെ കൊണ്ടുവരുന്നതിനുളള നിരോധനം തുടരും.


എം.എൽ.എ. ഫണ്ട് അനുവദിച്ചു
കൽപ്പറ്റ: സി.കെ ശശീന്ദ്രൻ എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി മുട്ടിൽ ഗ്രാമപഞ്ചായത്തിൽ റാട്ടക്കൊല്ലി റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു.


വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ സെക്ഷനിലെ പടിഞ്ഞാറത്തറ ടൗൺ, മില്ലുമുക്ക്, ബി.എസ്. എൻ.എൽ. ഭാഗങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

അമ്പലവയൽ സെക്ഷനിലെ എടയ്ക്കൽ, ആയിരംകൊല്ലി, മട്ടപ്പാറ, ചീങ്ങേരി ഭാഗങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

ബോധവൽകരണ ബൂത്തുകൾ തുടങ്ങി
കൽപ്പറ്റ: കൊറോണയുടെ വ്യാപനം തടയുന്നതിനുള്ള പ്രചരണ പരിപാടികൾ സംഘടിപ്പിക്കാൻ ചൈൽഡ്‌ലൈൻ ജില്ലയിൽ 16 ബൂത്തുകൾ തുറന്നു. ഇവിടങ്ങളിൽ കൈകഴുകൽ ഡമോൺസ്‌ട്രേഷൻ, സൗജന്യ ടൗവ്വൽ വിതരണം, ലഘുലേഖ വിതരണം, പൊതുയാത്രാ വാഹനങ്ങളിൽ നേരിട്ടുള്ള ബോധവൽക്കരണ സന്ദേശം നൽകൽ, തുടങ്ങിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ പരിശീലനം ലഭിച്ച പ്രവർത്തകരാണ് പ്രചരണം നടത്തുന്നത്. ഇതോടൊപ്പം ആദിവാസി ഊരുകൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. കുടക് ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ കാട്ടിക്കുളം കേന്ദ്രീകരിച്ച് വ്യാപകമായ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്.


( ഫോട്ടോ: ചൈൽഡ്‌ലൈൻ കാട്ടിക്കുളത്ത് സജ്ജീകരിച്ച ബോധവൽക്കരണ ബൂത്ത്)