coronavirus

കോഴിക്കോട്: കൊറോണ പടരുന്നതിന്റെ വ്യാപ്തിയേറുകയാണെങ്കിൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ ഘട്ടംഘട്ടമായി ഉൾപ്പെടുത്തും. ചികിത്സാ സംവിധാനം വിപുലീകരിക്കുന്നതിന് രൂപരേഖ തയ്യാറായിക്കഴിഞ്ഞതായി ജില്ലാ കളക്ടർ സാംബശിവ റാവു വ്യക്തമാക്കി.

കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന ജില്ലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ജില്ലാതല കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. കൊറോണ സ്ഥിരീകരിച്ച മാഹി സ്വദേശിനിയുടെയും അവരുമായി സമ്പർക്കമുണ്ടായിരുന്നവരുടെയുടെയും വ്യക്തിഗത വിവരശേഖരണവും തുടർ നടപടികളും അഡിഷണൽ ഡിഎംഒ ഡോ.ആശാദേവി വിശദീകരിച്ചു.

ജില്ലയിൽ കൊറോണ പ്രതിരോധത്തിനായി വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികളും യോഗം വിലയിരുത്തി. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കളക്ടർ വീഡിയോ കോൺഫറൻസിംഗ് വഴി സംസാരിച്ചു. ആരോഗ്യമേഖലയ്ക്ക് കൂടുതൽ സഹായകമാവുന്ന രീതിയിൽ കുടുംബശ്രീ, ശുചിത്വമിഷൻ സ്റ്റാഫിന് ചെയ്യാവുന്ന കാര്യങ്ങൾ കളക്ടർ നിർദേശിച്ചു.

ജില്ലയിലെ ഹോട്ടലുകൾ, ഹോസ്റ്റലുകൾ, കോളേജുകൾ, അപ്പാർട്‌മെന്റുകൾ തുടങ്ങിയവയുടെ വിവരം ശേഖരിക്കാൻ കളക്ടർ നിർദേശം നൽകി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി പൊതുസ്ഥലങ്ങളിൽ എത്ര കൈകഴുകൽ കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും യോഗം വിലയിരുത്തി.

സബ് കളക്ടർ ജി.പ്രിയങ്ക , ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ, ഡെപ്യൂട്ടി കളക്ടർ എൽ.എ.സി ബിജു, അഡിഷണൽ ഡി.എം.ഒ ഡോ.എൻ രാജേന്ദ്രൻ, ഡെപ്യൂട്ടി കളക്ടർ ജനിൽകുമാർ, ഡി.ടി.പി.സി സെക്രട്ടറി ബീന, ജില്ലാ മാസ് മീഡിയ ഓഫീസർ മണി, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ബേബി നാപ്പള്ളി തുടങ്ങിയവരും സംബന്ധിച്ചു.