സുൽത്താൻ ബത്തേരി: കാർഷിക, ഭവന നിർമ്മാണ മേഖലയ്ക്കും റോഡ് നവീകരണത്തിനും മുൻഗണന നൽകുന്ന ബഡ്ജറ്റിന് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് അംഗീകാരം നൽകി. 41,81,51,000 രൂപ വരവും 41,75,51,000 രൂപ ചെലവും 6 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് 2020-21ലെ വാർഷിക ബഡ്ജറ്റ്.
നെൽകർഷകർക്ക് സബ്സിഡി നൽകുന്ന നെൻമണി പദ്ധതിക്ക് 50 ലക്ഷവും ക്ഷീരകർഷകർക്കുള്ള ക്ഷീരസാഗരം പദ്ധതിക്ക് 60 ലക്ഷവും, മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് 50 ലക്ഷവും,ലൈഫ് ഭവന നിർമ്മാണ പദ്ധതിക്ക് 13,82,34 340 രൂപയും നീക്കിവെച്ചു.
വിശപ്പ് രഹിത പദ്ധതിയിൽ ഉൾപ്പെടുത്തി നാല് പഞ്ചായത്തിലും ഓരോ ഹോട്ടൽ വീതം തുടങ്ങുന്നതിന് 2 ലക്ഷം രൂപ വീതം വകയിരുത്തി. സ്‌നേഹതീരം പദ്ധതിക്ക് 10 ലക്ഷവും ഭിന്നശേഷിക്കാരുടെ വികസനത്തിന് 10 ലക്ഷവും വനിതക്ഷേമത്തിന് 85 ലക്ഷവും പട്ടിക വർഗ്ഗത്തിന് 25508000 രൂപയും , പട്ടികക്ഷേമത്തിന് 3689000 രൂപയും വകയിരുത്തി. ബത്തേരി താലൂക്ക് ആശുപത്രി, അമ്പലവയൽ, മീനങ്ങാടി കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ വൈകുന്നേരം ഒ.പി.പ്രവർത്തിക്കുന്നതിന് ഡോക്ടർമാരെ നിയമിക്കുന്നതിന് 12,00.000 രൂപ നീക്കിവെച്ചിട്ടുണ്ട്. ആരോഗ്യമേഖലയിലെ മറ്റ് പ്രവർത്തനങ്ങൾക്കായി 87,60,570 രൂപയും വെറ്ററിനറി ഹോസ്പിറ്റൽ നവീകരണത്തിന് 22,60,000 രൂപയും നീക്കിവെച്ചു.
പ്രസിഡന്റ് ലതശശി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുരേഷ് താളൂർ ബഡ്ജറ്റ് അവതരിപ്പിച്ചു.