സുൽത്താൻ ബത്തേരി: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തമിഴ്നാട്ടിലേക്ക് കേരളത്തിൽ നിന്നുള്ള ബസ്സുകൾ ഉൾപ്പെടെ വാഹനങ്ങൾ പ്രവേശിക്കുന്നതിന് നീലഗിരി ജില്ലാ ഭരണകൂടം വിലക്ക് ഏർപ്പെടുത്തി. ഇതോടെ സുൽത്താൻ ബത്തേരിയിൽ നിന്ന് തമിഴ്നാട് വഴി സർവിസ് നടത്തികൊണ്ടിരുന്ന കെ.എസ്.ആർ.ടി.സിയുടെ അന്തർജില്ലാ സർവിസുകളും അന്തർ സംസ്ഥാന ബസ് സർവിസുകളും നിറുത്തി. തമിഴ്നാട്ടിൽ നിന്നുള്ള ബസ് സർവിസുകൾ കേരളത്തിലേക്ക് പ്രവേശിക്കാതെ അതിർത്തിവരെ വന്ന് തിരിച്ചുപോവുകയാണ്.
സുൽത്താൻ ബത്തേരിയിൽ നിന്ന് സർവിസ് നടത്തിക്കൊണ്ടിരുന്ന രണ്ട് ഗൂഡല്ലൂർ സർവിസും രണ്ട് കോയമ്പത്തൂർ സർവിസും അയ്യൻകൊല്ലി ചേരമ്പാടി സർവിസുകളുമാണ് നിറുത്തിവെച്ചത്. ബത്തേരിയിൽ നിന്ന് തമിഴ്നാട് വഴി തൃശൂർക്ക് സർവിസ് നടത്തിക്കൊണ്ടിരുന്ന അഞ്ച് തൃശൂർ സർവിസും രണ്ടു പെരിന്തൽമണ്ണ സർവിസും വിലക്കിനെ തുടർന്ന് ഓട്ടം നിർത്തി. കുടകിൽ കൊറോണ സ്ഥിരീകരിച്ചതോടെ കർണാടകയിലേക്കുള്ള യാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തി.
അതിനിടെ, ഗുണ്ടൽപേട്ടയിൽ നിന്ന് ബത്തേരിക്ക് സർവ്വീസ് നടത്തിവന്ന കർണാടക ആർ.ടി.സി.യുടെ മൂന്ന് ബസ് സർവിസുകളും ഇന്നലെ മുതൽ ഓട്ടം നിറുത്തി.