കോഴിക്കോട്: കൊറോണ പ്രതിരോധത്തിന് ആക്കം കൂടിയതോടെ ജില്ലാ ജയിലിൽ നിന്നുള്ള മാസ്‌കിനും സാനിറ്റൈസറിനും വൻ ഡിമാൻഡ്. ജയിൽ കൗണ്ടറിലെത്തുമ്പോഴേക്കു തന്നെ ഇവ വിറ്റഴിഞ്ഞുപോവുകയാണ്.
വിപണിയിൽ മാസ്കിനുൾപ്പെടെ ക്ഷാമം നേരിടാൻ തുടങ്ങിയതോടെയാണ് കോഴിക്കോട് ജില്ലാ ജയിലിൽ പ്രതിരോധ സാമഗ്രികളുടെ നിർമ്മാണത്തിന് തുടക്കമിട്ടത്. നാലു ദിവസത്തിനകം ജില്ലാ ജയിലിൽ ആയിരം മാസ്ക് നിർമ്മിച്ചത് മുഴുവൻ വില്പനയായി.
മാസ്ക് നിർമ്മാണത്തിനുള്ളത് നാലു തടവുപുള്ളികളാണ്. തുടക്കത്തിൽ കേരള മെഡിക്കൽ സർവിസസ് കോർപ്പറേഷന് വേണ്ടിയാണ് നിർമ്മാണം തുടങ്ങിയതെങ്കിലും ചില സന്നദ്ധ സംഘടനകൾ കൂടി മാസ്ക് നിർമ്മാണത്തിനാവശ്യമായ തുണി ജയിൽ അധികൃതരെ ഏല്പിക്കുകയായിരുന്നു. ഈ തുണി മാസ്ക് പത്ത് രൂപയ്ക്കാണ് ജയിൽ കൗണ്ടറിലൂടെ വില്പന നടത്തുന്നത്. വില നന്നേ കുറവെന്നതുകൊണ്ടു തന്നെ ഇതിന് ആവശ്യക്കാർ ഏറെയാണ്. വില്പനയിൽ കടുത്ത നിയന്ത്രണമുണ്ടായിട്ടും വന്നെത്തുന്നവർക്ക് മുഴുവൻ മാസ്‌ക് ലഭിക്കുന്നില്ല. ഒരാൾക്ക് ഒന്നോ രണ്ടോ മാസ്‌ക് മാത്രമെ നൽകൂ. അതുകൊണ്ടു കൂടുതലെണ്ണം വാങ്ങി മറിച്ചുവില്പന നടക്കില്ല. ജയിലിൽ നിന്ന് മാസ്‌ക് വിതരണം പതിവായതോടെ പൊതുവിപണിയിൽ കരിഞ്ചന്തയുടെ തോത് ഗണ്യമായി കുറഞ്ഞു.
ഹാൻഡ് സാനിറ്റൈസറിനും വലിയ ഡിമാൻഡുണ്ടെങ്കിലും മുടങ്ങിപ്പോയ നിർമ്മാണം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഏറ്റവും അത്യാവശ്യ അസംസ്കൃത വസ്തുവായ ഇസൊപ്രൊഫൈൽ ആൽക്കഹോൾ ലഭിക്കാത്തതാണ് പ്രശ്നം. വ്യാഴാഴ്ച പുതിയറ ജയിൽ കൗണ്ടറിൽ നിന്ന് വില്പന ആരംഭിച്ച് രണ്ട് മണിക്കൂറിനകം സാനിറ്റൈസർ വിറ്റഴിഞ്ഞു. 80 രൂപയ്ക്ക് ജയിൽ കൗണ്ടറിൽ നിന്ന് ലഭിക്കുന്ന ഹാൻഡ് സാനിറ്റൈസറിന് 200 രൂപ മുതൽ 300 രൂപ വരെയുണ്ട് പൊതുവിപണിയിൽ വില.
ഇസൊപ്രൊഫൈൽ ആൽക്കഹോൾ ലഭ്യമായാൽ ഹാൻഡ് സാനിറ്റൈസർ നിർമ്മാണം പുനഃരാരംഭിക്കാൻ സാധിക്കുമെന്ന് ജയിൽ അധികൃതർ പറഞ്ഞു. ലാഭം പ്രതീക്ഷച്ചല്ല, സേവനമെന്ന നിലയിലാണ് ഇവയുടെ നിർമ്മാണം ജയിൽ വകുപ്പ് ഏറ്റെടുത്തത്.