കോഴിക്കോട്: കൊറോണ ഭീതിയിൽ കച്ചവടം ഇടിഞ്ഞതോടെ വാടക കൊടുക്കാനാകാതെ വ്യാപാരികൾ പ്രതിസന്ധിയിൽ. രാവിലെ മുതൽ രാത്രി വരെ കട തുറന്നിട്ടും ജീവനക്കാരുടെ കൂലിയൊഴിച്ച് ഒന്നും കിട്ടുന്നില്ല. കൂടാതെ വലിയ തുക വാടകയായും നൽകണം. ഇപ്പോഴത്തെ അവസ്ഥയിൽ വാടക നൽകാൻ കടംവാങ്ങേണ്ട അവസ്ഥയാണെന്ന് വ്യാപാരികൾ. മേൽവാടകയ്‌ക്ക് കടകളെടുത്തവരാണ് വലിയ പ്രതിസന്ധിയിലായത്.
വാടക നൽകാൻ പോലും പണം കിട്ടാതായതോടെ പല സ്ഥാപനങ്ങളും തത്കാലികമായി അടച്ചു. തുറക്കുന്ന കടകളിൽ കച്ചവടം പകുതിപോലുമില്ല.
കെട്ടിടമുടമകളും ആശങ്കയിൽ
മാർച്ചിലെ വാടക നഷ്ടമാകുമോ എന്ന ആശങ്കയിലാണ് കെട്ടിട ഉടമകൾ. വാടകയിൽ നിന്നാണ് 19 ശതമാനം ജി.എസ്.ടിയും കോർപറേഷൻ നികുതിയും ആദായ നികുതിയും അടയ്‌ക്കുന്നത്. വരുമാനം ഒരു മാസത്തേക്ക് മുടങ്ങിയാൽ വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടാകുമെന്ന് ഇവർ പറയുന്നു. കച്ചവടം കുറഞ്ഞതോടെ പല കടകളിലും ജീവനക്കാരെയും കുറച്ചു.
കൂടുതൽ തൊഴിലാളികളുള്ള തുണിക്കടകളിലും മറ്റും ആഴ്ചയിൽ നാല് ദിവസം ഇവർ വന്നാൽ മതിയെന്നാണ് നിർദ്ദേശം. പല സ്ഥാപനങ്ങളും ജീവനക്കാർക്ക് കുറച്ചുദിവസത്തേക്ക് അവധി നൽകുകയാണ്. നിർബന്ധ അവധിയെടുക്കുന്ന തൊഴിലാളികളുടെ സ്ഥിതിയും ദയനീയമാണ്.
സർക്കാർ ഇടപെടണം: വ്യാപാരികൾ
പ്രതിസന്ധി കണക്കിലെടുത്ത് സർക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക ഒഴിവാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കൂടാതെ കെ.എസ്.ആർ.ടിസി ഷോപ്പിംഗ് കോംപ്ലക്‌സുകളിലടക്കം കച്ചവടം ചെയ്യുന്ന നൂറുകണക്കിന് പേർ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ മാർച്ചിലെ വാടക ഒഴിവാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. സർക്കാർ മാതൃക സൃഷ്ടിച്ചാൽ മറ്റു കെട്ടിട ഉടമകളും വാടക ഒഴിവാക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.
വ്യാപാരി വ്യവസായി ഏകോപന സമിതി, വിവിധ ചേംബർ ഒഫ് കൊമേഴ്‌സുകൾ എന്നിവയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കെട്ടിടങ്ങൾ ചെറുകിട കച്ചവടക്കാർക്ക് വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. വാടക ഒഴിവാക്കി വ്യാപാരികളെ സഹായിക്കാൻ ഇവരും തയാറാകണമെന്നും ആവശ്യമുണ്ട്.
വാടക വേണ്ടെന്ന് കോഴിക്കോട്ടെ ഉടമകൾ
വ്യാപാര മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് ഈ മാസത്തെ വാടക വേണ്ടെന്ന് കോഴിക്കോട്ടെ ഒരുവിഭാഗം കെട്ടിട ഉടമകൾ അറിയിച്ചു. ഓൾകേരള കൺസ്യൂമർ ഗുഡ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി.ഇ. ചാക്കുണ്ണിയുടെ നേതൃത്വത്തിൽ ആറ് കെട്ടിട ഉടമകളാണ് വാടകയിനത്തിൽ ലഭിക്കേണ്ട 10 ലക്ഷത്തോളം രൂപ വേണ്ടെന്ന് വച്ചത്. നൂറോളം വ്യാപാരികൾക്ക് ഇതിന്റെ ഗുണം ലഭിക്കും. നേരത്തെ മിഠായിത്തെരുവിൽ തീപ്പിടുത്തമുണ്ടായപ്പോഴും ഇവർ വ്യാപാരികളെ സഹായിച്ചിരുന്നു.