കോഴിക്കോട്: കഴിഞ്ഞദിവസം കൊറോണ സ്ഥിരീകരിച്ച കാസർകോട്ടെ വ്യക്തിയ്‌ക്കൊപ്പം യാത്രചെയ്തവരും അടുത്തിടപഴകിയവരും വിവരം അറിയിക്കണമെന്ന് കോഴിക്കോട് കളക്ടർ അഭ്യർത്ഥിച്ചു. മാർച്ച് 11ന് എയർ ഇന്ത്യയുടെ വിമാനത്തിൽ യാത്രചെയ്ത കോഴിക്കോട് സ്വദേശികൾ ഉടൻ ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടണം.
മാർച്ച് 11ന് രാവിലെ 7.30നുള്ള എയർ ഇന്ത്യയുടെ ഐ.എക്‌സ്.ബി 344 നമ്പർ വിമാനത്തിൽ ദുബായിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾക്കൊപ്പം യാത്ര ചെയ്തവരെയും നേരിട്ട് ഇടപഴകിയ വരെയും കണ്ടെത്തുന്നുണ്ട്.
ഇയാളുമായി നേരിട്ട് ഇടപഴകിയവരുമായ കോഴിക്കോട് സ്വദേശികൾ ആരെങ്കിലുമുണ്ടെങ്കിൽ ഉടൻ ജില്ലാ കൺട്രോൾ റൂമുമായി ഫോണിൽ ബന്ധപ്പെടണം. അവർ 14 ദിവസം വീട്ടിൽ നിർബന്ധമായും ഐസൊലേഷനിൽ കഴിയണം. രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ അടുത്തുള്ള മെഡിക്കൽ ഓഫീസറെ ബന്ധപ്പെടണം. ഇവർ യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ വരരുത്. ജില്ലാ കൺട്രോൾ റൂം: 0495-2373901, 2371471, 2371002.