coronavirus

കോഴിക്കോട്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ഇന്നലെ 232 പേർ കൂടി നിരീക്ഷണത്തിലായി. ഇവരുൾപ്പെടെ ആകെ 5,798 പേരാണ് നിരീക്ഷണത്തിലുള്ളത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഞ്ചു പേരും ബീച്ച് ആശുപത്രിയിൽ ഒൻപത് പേരും ഐസൊലേഷൻ വാർഡിലുണ്ട്. ഈ രണ്ടിടത്തു നിന്നുമായി ഇന്നലെ ആറു പേരെ ഡിസ്ചാർജ്ജ് ചെയ്തു.

ഇതിനകം 137 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 127 എണ്ണത്തിന്റെ ഫലമാണ് വന്നത്. ഇതെല്ലാം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ജയശ്രീ പറഞ്ഞു. ഇനി 10 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാ

നുണ്ട്.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജയുടെ സാന്നിദ്ധ്യത്തിൽ ഉന്നതോദ്യോഗസ്ഥർ വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ ജില്ലാതല അവലോകന യോഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വകാര്യ ആശുപത്രികളുടെ കൂടുതൽ പങ്കാളിത്തമുണ്ടാവണമെന്ന് നിർദ്ദേശിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സൂം വീഡിയോ കോൺഫറൻസിംഗിലൂടെ ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ അഡ്മിനിസ്‌ട്രേറ്റർമാരുമായി ചർച്ച നടത്തി. ജില്ലാ സാമൂഹ്യനീതി ഓഫീസർ ഷീബ മുംതാസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ അനുരാധ, ഡോ.അഖിലേഷ് തുടങ്ങിയവർ സംബന്ധിച്ചു.

കൗൺസിലർമാരുടെ ശൃംഖല വ്യാപിപ്പിക്കും. ഐ.സി.ഡി.എസിലെ 30 കൗൺസിലർമാർക്കു പുറമെ 50 പേരുടെ സേവനം കൂടി ലഭ്യമാക്കും.

മാനസിക സംഘർഷം കുറയ്ക്കാൻ മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ 479 പേരെ സമാശ്വസിപ്പിച്ചു. 20 പേർക്ക് പ്രത്യേക കൗൺസലിംഗ് നൽകി.

7197 യാത്രക്കാർക്ക്

സ്‌ക്രീനിംഗ്

മാഹി, വടകര, കൊയിലാണ്ടി, ഫറോക്ക് റെയിൽവേ സ്റ്റേഷനുകളിലും അഴിയൂർ, വടകര, കൊയിലാണ്ടി, രാമനാട്ടുകര, ഫറോക്ക്, കടലുണ്ടി, കുറ്റ്യാടി, അടിവാരം, മുക്കം ബസ് സ്റ്റാൻഡുകളിലും സജ്ജമാക്കിയ ഹെല്പ് ഡെസ്‌ക് വഴി 7,197 യാത്രക്കാരെ സ്‌ക്രീനിംഗിന് വിധേയരാക്കി. സോഷ്യൽ മീഡിയയിലൂടെയുള്ള ബോധവത്കരണം തുടരുന്നതിനൊപ്പം ജില്ലാ തലത്തിൽ തയ്യാറാക്കിയ പോസ്റ്ററുകളും ബിറ്റ് നോട്ടീസുകളും വിവിധ സ്ഥാപനങ്ങൾക്ക് വിതരണം ചെയ്തു. വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ബോധവത്കരണ പ്രവർത്തനങ്ങൾ തുടരുന്നു.

'ബ്രേക്ക് ദ ചെയിൻ' കാമ്പയിനിന്റെ ഭാഗമായി ബസ് സ്റ്റാൻഡുകളിലും പ്രധാന ബസാറുകളിലും ഓഫീസുകളിലും മറ്റുമായി പഞ്ചായത്തിന്റെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ കൈകഴുകൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.