lockel-must

ഫറോക്ക്: പെരുമുഖത്ത് വളർത്തു മൃഗങ്ങൾക്കു ഭീഷണിയായി തെരുവ്‌നായ്‌ക്കളുടെ ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം മുതുവാട്ടുപാറയിലും അത്തൻവളവ് പുളിക്കത്തറയിലും രണ്ടു വീതം ആടുകളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു.

മുതുപാട്ടു​ ​പാറ മസ്ജിദിന് സമീപം കീഴില്ലത്ത് കോയക്കുട്ടി​ ഹാജിയുടെ ​ രണ്ട് ആടുകളാണ് നായ്ക്കളുടെ ആക്രമണത്തിൽ ചത്തത്. ഇന്നലെ പുലർച്ചെയാണ് സംഭവം. മരപ്പലക കൊണ്ടു ഉണ്ടാക്കിയ കൂട് പൊളിച്ചു ആടുകളെ പുറത്തേ​ക്ക് ​ വലിച്ചിട്ടാണ് കടിച്ചു കൊന്നത്. ആടുകളുടെ കരച്ചിൽ കേട്ട വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ പത്തോളം വരുന്ന നാ​യ്ക്കൾ ​ ആടുകളെ കടിച്ചു കീറുകയായിരുന്നു. ടോർച്ചിന്റെ വെളിച്ചം കണ്ടതോടെ നായ്ക്കൂട്ടം ​ഒഴിഞ്ഞു പോയി. കോയക്കുട്ടി​ ഹാജി രണ്ടു ദിവസം മുമ്പ് 16,000 രൂപയ്ക്ക് രണ്ട് ആടുകളെ വാങ്ങിയതായിരുന്നു.

അത്തൻവളവിൽ പുളിക്കൽത്തറയിൽ ഫിറോസിന്റെ രണ്ട് ആടുകളെ വീടിന്റെ സമീപത്തെ പറമ്പിൽ വെച്ചാണ് നായകൾ കടിച്ചു കൊന്നത്. തളളയാടും കുഞ്ഞുമാണ് ചത്തത്.

രാത്രി റോഡിലൂടെ കൂട്ടത്തോടെ നീങ്ങുന്ന നായ്ക്കൾ പിറകെ ഓടി ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്. തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പരക്കെ അമർഷമുണ്ട്.