കോഴിക്കോട്: കൊറോണയുടെ പശ്ചാത്തലത്തിൽ ഐ.ടി കമ്പനികളടക്കമുള്ള സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം നടപ്പാക്കിത്തുടങ്ങിയതോടെ വൈഫൈ മോഡങ്ങളുടെ വില്പനയിൽ വൻ വർദ്ധനവ്. 50 ശതമാനം വർദ്ധനയാണ് ഈമാസം ഉണ്ടായത്.
രോഗ വ്യാപനം തടയാൻ പല കമ്പനികളും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം മീറ്റിംഗുകൾ, പ്രസന്റേഷനുകൾ തുടങ്ങിയവയെല്ലാം വെർച്വലായി നടക്കും.
ഇൻഫോപാർക്ക്, ടെക്‌നോപാർക്ക് തുടങ്ങിയ സ്ഥാപനങ്ങളിലെ മിക്ക കമ്പനികളും വർക്ക് ഫ്രം ഹോം സംവിധാനം നടപ്പിലാക്കി.
വില്പന ഉയരാനുള്ള കാരണം
പല കമ്പനികളിലും ജീവനക്കാർക്കായി മോഡങ്ങൾ വാങ്ങുന്നു
പലരും സ്വന്തം നിലയിൽ മോഡങ്ങൾ വാങ്ങുന്നു
എല്ലാ സിം കാർഡുകളും ഉപയോഗിക്കാനാവുന്ന ഓപ്പൺ മോഡങ്ങൾ
മൊബൈൽ സേവന ദാതാക്കൾ സ്വന്തമായി ഇറക്കുന്ന മോഡങ്ങൾ
600 മുതൽ 2000 രൂപ വരെയാണ് വില
നെറ്റ് സ്‌പീഡാക്കാൻ സർക്കാർ
കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഇന്റർനെറ്റ് ക്ഷമത 40 ശതമാനം വർദ്ധിപ്പിക്കാനാണ് സർക്കാർ തീരുമാനം. ടെലികോം കമ്പനികളുമായി നടത്തിയ ചർച്ചയെ തുടർന്നാണിത്. കൂടാതെ ഇന്റർനെറ്റ് ബാൻഡ് വിഡ്ത് നിരീക്ഷിക്കാൻ ദിവസവും ഉച്ചയ്‌ക്ക് 12ന് ടെലികോം കമ്പനികളിൽ നിന്ന് വിവരം ശേഖരിക്കാനും സംവിധാനമൊരുക്കും. ഇന്റർനെറ്റിന്റെ വേഗതയിലെ ഏറ്റക്കുറച്ചിലുകൾ വർക്ക് ഫ്രം ഹോം സംവിധാനത്തിൽ വെല്ലുവിളി ഉയർത്തുമോയെന്ന ആശങ്ക ആദ്യം മുതലുണ്ടായിരുന്നു. എന്നാൽ ഇന്റർനെറ്റ് ക്ഷമത വർദ്ധിപ്പിക്കുന്നതോടെ ഈ ആശങ്കയ്ക്കും പരിഹാരമാകും.