coronavirus

കോഴിക്കോട്: കൊറോണ പടരുന്ന സാഹചര്യത്തെ നേരിടാൻ ജില്ലയിൽ നടപടികൾ ആരംഭിച്ചു. ആശുപത്രികളിൽ ബെഡ്, വെന്റിലേറ്റർ സൗകര്യം വർദ്ധിപ്പിക്കും. സ്വകാര്യ ആശുപത്രികളെയും വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാക്കും. ഇവിടങ്ങളിലെ കിടത്തിച്ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തി.

ജില്ലയിൽ 70 സ്വകാര്യ ആശുപത്രികളിലായി 5200 കിടക്കകളുണ്ട്. അവയിൽ കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് എത്ര കിടക്കകൾ പ്രയോജനപ്പെടുത്താനാവുമെന്ന് ജില്ലാ ഭരണകൂടവും ആശുപത്രി മാനേജ്‌മെന്റുകളും തമ്മിൽ ചർച്ച നടത്തിവരികയാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. ഐ.എം.എയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നുണ്ട്.

യൂത്ത് ഹോസ്റ്റലിൽ പ്രത്യേക നിരീക്ഷണ കേന്ദ്രം പ്രവർത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. കുടുബശ്രീയുടെ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ വിപുലമാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ബാങ്കുകളിലും എ.ടി.എമ്മുകളിലും സാനിറ്റൈസർ ലഭ്യമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

കോഴിക്കോട് ഇതുവരെയുള്ള എല്ലാ പരിശോധനാഫലങ്ങളും നെഗറ്റീവായത് പ്രതീക്ഷ നൽകുന്നു. നിയന്ത്രണങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വരുത്തിയ അനുസരണയില്ലായ്മയാണ് കാസർഗോഡ് രോഗവ്യാപനത്തിന് കാരണമായത്. ഒരു മരണം പോലുമുണ്ടാകരുത് എന്ന ജാഗ്രതയിൽ എല്ലാവരും പ്രവർത്തിക്കണം.

പൊതുചടങ്ങുകൾ പൂർണമായി ഒഴിവാക്കണം. ഉത്സവം പോലുള്ളവ ചടങ്ങുകളിൽ ഒതുക്കണം. രാജ്യമൊട്ടാകെ ഞായറാഴ്ച രാവിലെ ഏഴു മുതൽ രാത്രി ഒമ്പതു വരെ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവുമായി സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.