corona

കോഴിക്കോട്: ജില്ലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തി സമയം വൈകിട്ട് ആറു വരെ ദീർഘിപ്പിക്കണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർദ്ദേശം നൽകി. ഒരു ഡോക്ടർ മാത്രമുള്ള പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ എണ്ണം കൂട്ടും. ആരോഗ്യവകുപ്പും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനവും ഇതിന് മുൻകൈയെടുക്കണം. ഇ.എസ്‌.ഐ ഡിസ്‌പെൻസറികളുടെ പ്രവർത്തനസമയവും ദീർഘിപ്പിക്കും.

താലൂക്ക് ആശുപത്രികളിൽ കൂടുതൽ രോഗികൾക്ക് കിടത്തിച്ചികിത്സ ലഭ്യമാക്കും. പ്രതിരോധ കിറ്റുകളുടെ (പി.പി.ഇ കിറ്റ്) ക്ഷാമം പരിഹരിക്കും. ആരോഗ്യമേഖലയിലുള്ളവർ കൃത്യമായ പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കണം. ഭാവിയിൽ രോഗം വരാതിരിക്കാനുള്ള പ്രവർത്തനങ്ങളും നടത്തണം. സ്വകാര്യമേഖലയെക്കൂടി പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണം.

ആംബുലൻസുകളുടെ ലഭ്യത ഉറപ്പാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അഞ്ചു ലക്ഷം മാസ്‌കുകൾ തൈച്ചു നൽകാമെന്ന് ജില്ലയിലെ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡംഗങ്ങൾ ഉറപ്പു നൽകിയിട്ടുണ്ട്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ മുഖേനയും മാസ്‌കുകൾ ലഭ്യമാക്കും. ഹാൻഡ് സാനിറ്റൈസർ ക്ഷാമം പരിഹരിക്കാൻ സർക്കാർ തലത്തിൽ നടപടിയായിട്ടുണ്ട്. ഇവ ആവശ്യമുള്ളിടത്ത് എത്തിക്കാൻ നോഡൽ ഓഫീസറെ നിയോഗിക്കും.

വീടുകളിൽ നിരീക്ഷണത്തിലുള്ളവർ നിബന്ധനകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ വാട്‌സ്അപ്പ് കൂട്ടായ്മ പ്രയോജനപ്പെടുത്തും. ആശ, അങ്കണവാടി പ്രവർത്തകരുടെ സേവനവും പ്രയോജനപ്പെടുത്തും.

ഇതര സംസ്ഥാനത്തൊഴിലാളികളുടെ തൊഴിലും സാമൂഹികജീവിതവും സാധാരണഗതിയിൽ മുന്നോട്ടുപോകുന്നതിന് അവസരമൊരുക്കണം.

തൊഴിൽ മേഖല സ്‌തംഭിക്കാൻ ഇടവരരുത്. സർക്കാർ ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ജോലിക്ക് ഹാജരാകുന്നതുപൊലെയുള്ള നിയന്ത്രണങ്ങളോടെ അവർക്ക് തൊഴിൽ ഉറപ്പാണം. പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളിൽ നിന്നും ഉദ്യോഗസ്ഥരിൽനിന്നും നല്ല പ്രതികരണമാണുണ്ടായത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

എയർപോർട്ടിലിറങ്ങുന്നവർക്ക് സ്വദേശത്തേക്കു പോകാൻ പ്രത്യേക ബസ് ഏർപ്പാടാക്കുന്ന കാര്യം പരിശോധിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. എയർപോർട്ടിൽനിന്ന് പുറത്തേക്കുള്ള ഗേറ്റിനു സമീപം പൊലീസ് നിരീക്ഷണം ശക്തമാക്കാൻ മലപ്പുറം, എറണാകുളം കളക്ടർമാരോട് ആവശ്യപ്പെടുമെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു അറിയിച്ചു. എയർപോർട്ടിൽനിന്ന് വീട്ടിലേക്ക് ടാക്‌സി പിടിക്കാൻ കഴിയാത്തവർ അവരുടെ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായി ബന്ധപ്പെട്ടാൽ നടപടിയുണ്ടാകുമെന്നു അദ്ദേഹം പറഞ്ഞു.

പി.പി.ഇ കിറ്റുകളുടെ ദൗർലഭ്യം പരിഹരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. പ്രതിരോധ സാമഗ്രികളടങ്ങിയ കിറ്റുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് സർജിക്കൽ സ്ഥാപനങ്ങളുമായി ധാരണയുണ്ടാക്കുന്ന കാര്യം പരിഗണിക്കും.
ജില്ലയിൽ 251 ഇതരസംസ്ഥാനത്തൊഴിലാളി ക്യാമ്പുകളുള്ളതിൽ 139 ക്യാമ്പുകളിൽ തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ സന്ദർശനവും ബോധവത്കരണവും പൂർത്തിയാക്കിയതായും കളക്ടർ അറിയിച്ചു. എ. പ്രദീപ്‌കുമാർ എം.എൽ.എ, കോഴിക്കോട് റൂറൽ എസ്.പി ഡോ. എ. ശ്രീനിവാസൻ, സബ് കളക്ടർ പ്രിയങ്ക ജി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിനിധികൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.