കൽപറ്റ: കൊറോണ വ്യാപനഭീതിയെത്തുടർന്ന് കച്ചവടം കുറഞ്ഞതോടെ ഹോട്ടലുകൾ അടയ്ക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 25 ഓളം ഇടത്തരം ഹോട്ടലുകൾ പൂട്ടി. കൽപറ്റയിൽ മാത്രം ആറ് ഹോട്ടലുകൾ അടച്ചു.

ദേശീയപാതയിൽ ലക്കിടിക്കും വൈത്തിരിക്കും ഇടയിൽ അഞ്ചു ഹോട്ടലുകൾ പ്രവർത്തനം നിർത്തി. മാനന്തവാടിയിലും ബസ്‌സ്റ്റാൻഡ് പരിസരത്തെ ഏതാനും ഭക്ഷണശാലകൾ പൂട്ടി. കൽപറ്റയിൽ ന്യൂ, ന്യൂ പാലസ്, കൽപക, ഊട്ടുപുര ഹോട്ടലുകളാണ് പൂട്ടിയത്. നഗരത്തിൽ മൂന്നു ഊട്ടുപുര ഹോട്ടലുകളുണ്ട്.

ഹോട്ടലുകളിൽ കച്ചവടം നാലിലൊന്നായി കുറഞ്ഞുവെന്ന് വ്യാപാരികൾ പറയുന്നു. അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുകയാണ്. പതിവുകാരല്ലാത്തവർക്ക് ഭക്ഷണം വിളമ്പുന്നതിൽ തൊഴിലാളികൾക്കും വിമുഖതയാണ്. ഈ സാഹചര്യത്തിലാണ് ഊട്ടുപുര ഹോട്ടലുകൾ അടച്ചിടാൻ തീരുമാനിച്ചതെന്ന് ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സാജൻ പൊരുന്നിക്കൽ പറഞ്ഞു.
ഒരാഴ്ചയിലധികമായി നഗരങ്ങളിൽ ജനത്തിരക്ക് കുറഞ്ഞിരിക്കുകയാണ്. മറ്റു പ്രദേശങ്ങളിൽനിന്നു ജില്ലയിലെത്തുന്നവരുടെ എണ്ണം തീരെ കുറഞ്ഞു.

ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് ജില്ലയിലെ ഹോട്ടൽ ജീവനക്കാരിൽ അധികവും. ഇവരുടെ രക്ഷിതാക്കൾ വലിയ ആശങ്കയിലാണ്. ചില തൊഴിലാളികളുടെ മാതാപിതാക്കൾ പലതവണ ഹോട്ടലിലേക്കു ഫോൺ ചെയ്യുകയാണ്. കൊറോണ ഭീതി ഒഴിയുംവരെ നാടുകളിൽ കഴിയാനാണ് തൊഴിലാളികൾക്കും താത്പര്യം. തൊഴിലാളികളിൽ തദ്ദേശീയർ നാമമാത്രമാണ്.
വാടകക്കെട്ടിടങ്ങളിലാണ് ജില്ലയിലെ മിക്ക ഹോട്ടലുകളും പ്രവർത്തിക്കുന്നത്. പ്രതിസന്ധി രൂക്ഷമായിട്ടും വാടകയിൽ ഇളവ് അനുവദിക്കാൻ കെട്ടിടം ഉടമകൾ തയാറാകുന്നില്ല. വാടക കുറയ്ക്കണമെന്നു ആവശ്യപ്പെടുന്ന ഹോട്ടൽ ഉടമകളോട കെട്ടിടം ഉടമകൾ അനുകൂലമായല്ല പ്രതികരിക്കുന്നത്. കൂടുതൽ കച്ചവടം ലഭിച്ച മാസങ്ങളിൽ ആരും കൂടുതൽ വാടക തരുന്നില്ലെന്ന ന്യായമാണ് ചില കെട്ടിടം ഉടമകൾക്ക്.
ഹോട്ടലുകൾ അടച്ചതോടെ തൊഴിൽ നഷ്ടമായ നാട്ടുകാരായ തൊഴിലാളി കുടുംബങ്ങൾ പ്രയാസത്തിലായി. ജില്ലാ ഭരണകൂടം ഇടപെടണമെന്നാണ് ജോലി ഇല്ലാതായ ഹോട്ടൽ തൊഴിലാളികളുടെ ആവശ്യം.