കോഴിക്കോട്: കൊറോണയ്‌ക്കെതിരായ 'ബ്രേക്ക് ദി ചെയിൻ" കാമ്പയിനിന് പിന്തുണയുമായി പ്രോവിഡൻസ് വുമൺസ് കോളേജിലെ രസതന്ത്രവിഭാഗം. ആവശ്യക്കാരേറിയ സാഹചര്യത്തിലാണ് കോളേജിലെ ലാബ് സംവിധാനമുപയോഗിച്ചാണ് സാനിറ്റൈസർ നിർമ്മിച്ച് വിതരണം ചെയ്യുന്നത്.
രണ്ടുദിവസത്തിനിടെ അഞ്ഞൂറ് ബോട്ടിൽ സാനിറ്റൈസറാണ് തയ്യാറാക്കിയത്. ആദ്യദിനം നൂറ്റമ്പത് ബോട്ടിലുകൾ സിവിൽ സ്റ്റേഷനിലെത്തിച്ച് ജില്ലാ കളക്ടർ എസ്. സാംബശിവറാവുവിന് കൈമാറി. രണ്ടാം ദിനത്തിലെ ഉത്പന്നങ്ങൾ താലൂക്ക് ഓഫീസ് അധികൃതർ ഏറ്റുവാങ്ങി. അദ്ധ്യാപകരും വിദ്യാർത്ഥികളുമുൾപ്പെടുന്ന കൂട്ടായ്മയാണ് സാനിറ്റൈസർ നിർമ്മിക്കുന്നത്.
കോളജിലെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് തുടങ്ങിയതെങ്കിലും സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് നിർമ്മാണം വിപുലീകരിച്ചത്. സ്വകാര്യ ആശുപത്രികളുൾപ്പെടെയുള്ള സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും സാനിറ്റൈസറിനായി കോളേജിനെ സമീപിച്ചിട്ടുണ്ട്.
വരുംദിവസങ്ങളിൽ കൂടുതൽ ബോട്ടിലുകൾ നിർമ്മിക്കാനാണ് തീരുമാനം. പ്രിൻസിപ്പൽ സിസ്റ്റർ അഷ്മിതയുടെ പിന്തുണയോടെ രസതന്ത്ര വകുപ്പു മേധാവി ഡോ. ജിജി എബ്രഹാം, അദ്ധ്യാപകരായ ഡോ. ദീപ്തി ജോസ്, സിസ്റ്റർ ആശ തോമസ് എന്നിവരാണ് പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നത്.