കൽപ്പറ്റ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 20 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന മതപരമായ ചടങ്ങുകൾ നടത്തുവാൻ പാടില്ല എന്ന സർക്കാർ ഉത്തരവ് ലംഘിച്ച് ഇന്നലെ പള്ളികളിൽ ജുമുഅ സംഘടിപ്പിച്ച മടക്കിമല, വൈത്തിരി, ചുണ്ടേൽ മുസ്ലീം പള്ളി മഹല്ല് കമ്മിറ്റി ഭാരവാഹികളും പള്ളി ഇമാമും ഉൾപ്പെടെ കണ്ടാലറിയാവുന്ന 100 ഓളം പേർക്കെതിരെ കൽപ്പറ്റ, വൈത്തിരി പൊലീസ് സ്‌റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ 7 കേസുകളിലായി 4 പേരെ അറസ്റ്റ് ചെയ്യുകയും വ്യാജപ്രചരണം നടത്തിയതിന് 2 കേസുകളിലായി 4 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തിട്ടുണ്ട്. വ്യാജപ്രചരണം നടത്തുന്നവർക്കെതിരെയും, വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പും പൊലീസും നൽകിയ നിർദേശം ലംഘിക്കുന്നവർക്കെതിരെയും, സർക്കാർ ഉത്തരവ് അവഗണിച്ച് ആരാധനാലയങ്ങളിൽ 20 പേരിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തിക്കൊണ്ട് പ്രാർഥന സംഘടിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നതിനെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.