വടകര: അഴിയൂർ ഗ്രാമ പഞ്ചായത്തിലെ ഹാജിയർ പള്ളിക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഫൈസൽ ക്വർട്ടേഴ്‌സ് പഞ്ചായത്ത് പൂട്ടിച്ചു. സെപ്‌റ്റിക്ക് ടാങ്കിൽ നിന്ന് മലിനജലം പുറത്തേക്കൊഴുകുന്നതിനെ തുടർന്നാണ് പൊലീസിന്റെ സഹായത്തോടെ തൊഴിലാളികളെ ഒഴിപ്പിച്ച് ക്വാർട്ടേഴ്‌സ് പൂട്ടിയത്.
കൊറോണ മുൻകരുതൽ നടപടിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ മലിനജലം പുറത്തേക്കൊഴുകുന്നത് കണ്ടെത്തിയിരുന്നു. തുടർന്ന് ശരിയാക്കാൻ 24 മണിക്കൂർ സമയം നൽകി നോട്ടീസ് നൽകി. പക്ഷേ ടാങ്കിലെ ചോർച്ച പരിഹരിക്കാത്തതിനാലാണ് പൂട്ടിയത്.
പഞ്ചായത്തിലെ വിവിധ ക്വർട്ടേഴ്‌സുകളിലും പരിശോധന നടത്തി.
അപാകതയുള്ള രണ്ട് ക്വർട്ടേഴ്‌സുടമകൾക്ക് പ്രശ്‌നം പരിഹരിക്കാൻ ഒരാഴ്ച സമയം അനുവദിച്ചു. അഴിയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്‌പെക്ടർ വി.കെ. ഉഷ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റീന, ഫാത്തിമ എന്നിവരാണ് ക്വർട്ടേഴ്‌സ് പൂട്ടിയത്. കൂടാതെ മാഹി റെയിൽവേ സ്റ്റേഷന് സമീപത്ത് ബാത്ത് റൂം സൗകര്യമില്ലാത്ത രണ്ട് കെട്ടിടങ്ങളിൽ തൊഴിലാളികളെ താമസിപ്പിക്കുന്നത് തടയുകയും അവർക്ക് സുരക്ഷിതമായ സൗകര്യം ഒരുക്കുവാൻ കരാറുകാരോട് നിർദ്ദേശിക്കുകയും ചെയ്തു.