കോഴിക്കോട്: കോറണയ്‌ക്കെതിരായ പ്രതിരോധം ഊർജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ചോമ്പാൽ, കൊയിലാണ്ടി, പുതിയാപ്പ, വെള്ളയിൽ, ബേപ്പൂർ, ചാലിയം എന്നീ മത്സ്യലേല കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങളേർപ്പെടുത്തിയതായി കളക്ടർ സാംബശിവ റാവു അറിയിച്ചു.
വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ കുടുംബാംഗങ്ങൾ ഹാർബറിൽ പ്രവേശിക്കരുത്. ഇതിനായി ഹാർബർ ഗേറ്റിൽ സംവിധാനമൊരുക്കും.
പ്രായമായവരും കുട്ടികളും ഹാർബർ സന്ദർശനം ഒഴിവാക്കണം. മാസ്‌ക്കോ, തൂവാലയോ ധരിക്കാതെ ആരെയും ഹാർബറിൽ പ്രവേശിപ്പിക്കില്ല. ചില്ലറ വില്പന പരസ്യ ലേലമായി നടത്തണം. ഹാർബറിൽ മത്സ്യം വെട്ടി വൃത്തിയാക്കുന്നതും ചെവിയിൽ പറഞ്ഞു ഉറപ്പിക്കുന്ന രഹസ്യ ലേലവും നിരോധിച്ചു.
ഓരോ മണിക്കൂർ ഇടവിട്ട് കൈകൾ കഴുകി വൃത്തിയാക്കണം. ഹാർബറുകളിലെ അതിഥി തൊഴിലാളികളുടെ വിവരം തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ശേഖരിക്കും. എല്ലാ മത്സ്യലേല കേന്ദ്രങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടി സ്വീകരിക്കുന്നമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.