കോഴിക്കോട്: കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയിൽ 7649 പേർ നിരീക്ഷണത്തിൽ. 1851 പേർ പുതുതായി നിരീക്ഷണത്തിൽ വന്നവരാണ്. മെഡിക്കൽ കോളേജിൽ എട്ട് പേരും ബീച്ച് ആശുപത്രിയിൽ 15 പേരുമുൾപ്പെടെ ആകെ 23 പേർ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.
മെഡിക്കൽ കോളേജിൽ നിന്ന് നാല് പേരെയും ബീച്ച് ആശുപത്രിയിൽ നിന്ന് അഞ്ച് പേരെയും ഡിസ്ചാർജ്ജ് ചെയ്തു. ഇന്നലെ 19 സ്രവ സാമ്പിൾ പരിശോധനയ്‌ക്കയച്ചു. ആകെ 156 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 137 എണ്ണത്തിന്റെ പരിശോധനാഫലം നെഗറ്റീവാണ്. 19 പേരുടെ പരിശോധനാ ഫലമാണ് ലഭിക്കാനുള്ളത്.
ജില്ലാ മെഡിക്കൽ ഓഫീസറുടെ അദ്ധ്യക്ഷതയിൽ പ്രോഗ്രാം ഓഫീസർമാരുടെ യോഗം ചേരുകയും പ്രാദേശിക തലപ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്‌തു. കൊറോണ ജാഗ്രത വെബ് പോർട്ടൽ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട പരിശീലനം പ്രോഗ്രാം ഓഫീസർമാർക്കും, ആശുപത്രി സൂപ്രണ്ടുമാർക്കും ജില്ലാ മെഡിക്കൽ ഓഫീസറുടെ ചെംമ്പറിൽ വെച്ച് നൽകി. മറ്റ് മെഡിക്കൽ ഓഫീസർ മാർക്ക് സൂം വീഡിയോ കോൺഫറൻസിലൂടെ പരിശീലനം നൽകി.
ആകാശവാണിയിലൂടെ തത്സമയ ഫോണിംഗ് പരിപാടി സംഘടിപ്പിച്ചു. കോറോണയെക്കുറിച്ച് ജനങ്ങളുടെ സംശയങ്ങൾക്ക് അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജേന്ദ്രൻ മറുപടി നൽകി. മാനസിക സംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ 31 പേർക്ക് കൗൺസലിംഗ് നൽകി. വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും സോഷ്യൽ മീഡിയയിലൂടെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.