കോഴിക്കോട്: കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി വിപുലപ്പെടുത്തി. 25000 മാസ്‌ക്കുകളും 300 ലിറ്റർ സാനിറ്റൈസറുമാണ് വിവിധ ആശുപത്രികളിലും പൊതു ഇടങ്ങളിലും വിതരണം ചെയ്യാൻ ഡി.വൈ.എഫ്.ഐ തയ്യാറാക്കിയത്. പ്രത്യേക പരിശീലനം ലഭിച്ച പ്രവർത്തകരാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ വനിത വിഭാഗമായ 'സമ"യുടെ നേതൃത്വത്തിലാണ് മാസ്‌ക്കുകൾ നിർമ്മിച്ചത്.
പ്രതിരോധ സാമഗ്രികളുടെ വിതരണോദ്ഘാടനം ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.കെ. സജീഷ് മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ. രഞ്ജിനിക്ക് കൈമാറി നിർവഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി വി. വസീഫ്, പ്രസിഡന്റ് എൽ.ജി. ലിജീഷ്, എൻ.ജി.ഒ യൂണിയൻ ജില്ല പ്രസിഡന്റ് പി.പി. സന്തോഷ്, മെഡിക്കൽ കോളേജിലെ ഇ.എം.എസ് ചാരിറ്റബിൾ ട്രസ്റ്റ് വളണ്ടിയർമാരായ ഉണ്ണി, അമീർ എന്നിവർ പങ്കെടുത്തു.