കുറ്റ്യാടി: ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ തരിമ്പും കണക്കിലെടുക്കാതെ നാട്ടിൽ കറങ്ങുന്ന വിദേശമലയാളികൾ അങ്ങിങ്ങായുണ്ട്. അവരൊക്കെയും കണ്ടു പഠിക്കണം കായക്കൊടി സ്വദേശി അബ്ദുൾ നസീറിനെ. ഖത്തറിലെ സന്ദർശനത്തിനു ശേഷം അഞ്ചു ദിവസം മുമ്പാണ് കായക്കൊടി ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ കൂടിയായ വി.കെ.അബ്ദുൾ നസീറും ഭാര്യയും നാട്ടിൽ എത്തിയത്. ദിവസങ്ങളായിട്ടും സ്വന്തം മക്കളൊ ബന്ധുജനങ്ങളൊ അയൽവാസികളൊ ആരും ഇവരെ നേരിട്ട് കണ്ടിട്ടില്ല.
സന്ദർശനത്തിനു ശേഷം തിരിച്ചെത്തിയ ഇവർ വൈകാതെ വീടിനു മുന്നിൽ ഒരു പോസ്റ്റർ പതിക്കുകയായിരുന്നു. ' ആരും ഇങ്ങോട്ട് വരരുത് ... ഞങ്ങൾ ഗൾഫിൽ നിന്ന് വന്നതാണ്. മാർച്ച് 31 വരെ സന്ദർശകരെ സ്വീകരിക്കില്ല. പോസ്റ്റർ ശ്രദ്ധയിൽപ്പെടാതെ ആരെങ്കിലും വീട്ടിലേക്ക് പ്രവേശിക്കുന്നത് തടയാൻ വരാന്തയിൽ വലകെട്ടിയിട്ടുമുണ്ട്. രണ്ടു മാസത്തെ സന്ദർശനം കഴിഞ്ഞ് ഖത്തർ എയർവേസിൽ തിരിച്ചെത്തിയ ഇവർ കൊറോണ രോഗത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ യാത്രയിലുടനീളവും പിന്നീടും കൃത്യമായി ജാഗ്രത പാലിച്ചു.
രണ്ടാഴ്ച ജനസമ്പർക്കമില്ലാതെ നിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം അക്ഷരംപ്രതി പാലിക്കുകയാണ് ഈ ദമ്പതികൾ. അയൽവാസികളോട് പോലും വീട്ടിൽ വരരുതെന്ന് പറഞ്ഞു. ഭക്ഷണം ഉൾപ്പെടെയുള്ളവയ്ക്ക് ബന്ധുക്കൾക്ക് സന്ദേശം നൽകും. ഇതു പ്രകാരം ആവശ്യമുള്ള സാധനങ്ങൾ അവർ വീടിന് പുറത്ത് വച്ച മേശപ്പുറത്ത് എത്തിക്കും. അബ്ദുൾ നസീറിന്റെ മാതൃകാപരമായ ജാഗ്രത സുഹൃത്ത് വീഡിയോ വഴി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതോടെ വലിയ അംഗീകാരമാണ് പൊതുസമൂഹത്തിൽ നിന്ന് ലഭിക്കുന്നത്. നസീറിനെ അറിയുമ്പോൾ കാസർകോട്ട് സ്വദേശിയെ എടുത്ത് തോട്ടിലെറിയാൻ തോന്നുന്നുവെന്നായിരുന്നു വീഡിയോവിന് പ്രതികരണമായി വന്ന കമന്റുകളിലൊന്ന്.