corona

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട രണ്ടു പേരും വിദേശത്ത് നിന്ന് എത്തിയവർ തന്നെ. ഇരുവർക്കും ഇരുപതോളം പേരുമായി സമ്പർക്കമുണ്ടായിരുന്നുവെന്നും ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നുണ്ടെന്നും കളക്ടർ സാംബശിവറാവു അറിയിച്ചു. ആദ്യമായി ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയ്ക്കായി നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ.

വിദേശത്തു നിന്ന് അടുത്തിടെ കോഴിക്കോട്ടെത്തിയവരാണ് കൊറോണ ബാധിതർ. കൊടുവള്ളി സ്വദേശിയായ 47 കാരിക്കും വേളം സ്വദേശിയായ 27 കാരനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കൊടുവള്ളിക്കാരി കഴിഞ്ഞ 13നാണ് അബുദാബിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി കോഴിക്കോട്ട് എത്തിയത്. പരിശോധനയ്ക്ക് ശേഷം ഹോം ക്വാറന്റൈനിലായിരുന്ന ഇവരെ 19ന് ബീച്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേളത്തെ യുവാവിനെ ദുബൈയിൽ നിന്ന് 20 ന് കരിപ്പൂർ വിമാനത്താവളം വഴി നാട്ടിലെത്തിയ ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെങ്കിലും ജില്ലയിൽ കടുത്ത നിയന്ത്രണം അനിവാര്യമായി വന്ന സാഹചര്യത്തിലാണ് സി ആർ.പി.സി 144 (1), (2), (3) പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ജില്ലയിൽ നിരോധനാജ്ഞ തുടരും. ഇത് പ്രകാരം അഞ്ച് പേരിൽ കൂടുതൽ ആളുകൾ കൂട്ടമായി നിൽക്കാൻ പാടില്ല. പൊതുഗതാഗത സംവിധാനത്തിൽ 50 ൽ കൂടുതൽ ആളുണ്ടാവാൻ പാടില്ല. നിയമം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി. ഭക്ഷ്യവസ്തുക്കളുടെയും മരുന്നിന്റെയും ലഭ്യത ഉറപ്പാക്കുമെന്നും കളക്ടർ പറഞ്ഞു.