കോഴിക്കോട്: നിപ്പയെ ഫലപ്രദമായി അതിജീവിച്ച കോഴിക്കോട് ജില്ല കൊറോണയെ നേരിടാൻ വൻസജ്ജീകരണമൊരുക്കുന്നു. സാമൂഹ്യവ്യാപനം നടന്നാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി കൊറോണ രോഗികൾക്ക് മാത്രമായി മാറ്റാനാണ് ആരോഗ്യവകുപ്പിൻെറയും ജില്ലാഭരണകൂടത്തിൻെറയും തീരുമാനം. കൂടാതെ ജനറൽ ആശുപത്രിയിൽ കൂടുതൽ വെൻറിലേറ്ററുകളും കൊറോണ രോഗികൾക്കുള്ള സംവിധാനവും ഒരുക്കും.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ മറ്റു രോഗികളെ ആസ്റ്റർ മിംസിലേക്ക് മാറ്റാൻ സഹകരിക്കാമെന്ന് മിംസ് എം.ഡി ആസാദ് മൂപ്പൻ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ അറിയിച്ചിരുന്നു. നിപ്പ കാലത്ത് ജില്ലയിലെ ആരോഗ്യവിഭാഗം നടത്തിയ പ്രവർത്തനം രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. ഇതേ രീതിയിലാണ് സംസ്ഥാനം ഇപ്പോൾ കൊറോണയെ നേരിടുന്നത്. എറണാകുളത്ത് കളമശ്ശേരി മെഡിക്കൽ കോളേജും ഇത്തരത്തിൽ സജ്ജമാക്കാനാണ് സർക്കാർ നീക്കം. എറണാകുളത്തും കോഴിക്കോട്ടുമായി 10,000 പേരെയെങ്കിലും ചികിത്സിക്കാനുള്ള സംവിധാനമൊരുക്കുകയാണ് ലക്ഷ്യം.
കോഴിക്കോട് സ്വദേശികളായ രണ്ടു പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതും മാഹി, കാസർകോട്, കണ്ണൂർ സ്വദേശികളായ മൂന്നു രോഗികൾ നഗരത്തിലെത്തിയതുമാണ് കോഴിക്കോട് നിരോധനാജ്ഞ പ്രഖ്യാപിക്കാൻ കാരണം. സമീപ ജില്ലകളായ കണ്ണൂർ,മലപ്പുറം, കാസർകോട് എന്നിവിടങ്ങളിലും കൊറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കാസർകോട് സ്വദേശി നഗരത്തിൽ എവിടെയെല്ലാം എത്തിയെന്നതും ആരുമായൊക്കെ സമ്പർക്കത്തിൽ ഏർപ്പെട്ടെന്നതും ഇതുവരെ തിരിച്ചറിയാൻ ആരോഗ്യവിഭാഗത്തിന് സാധിച്ചിട്ടില്ല. എന്നാൾ ഇയാൾ സ്വർണക്കടത്തുകാരനാണെന്നും കോഴിക്കോട്ടെ ഒരു ഹോട്ടലിൽ റൂമെടുത്ത് ഇയാൾ നഗരത്തിലെ കമ്മത്തി ലെയിനിലുള്ള ചില ജ്വല്ലറി ഉടമകളെ സന്ദർശിച്ചിട്ടുണ്ടെന്നുമാണ് പൊലീസിന് ലഭിച്ച സൂചന. എയർപോർട്ടിലെ ചില ഉദ്യോഗസ്ഥരുടെ സഹോയത്തോടെയാണ് ഇയാൾ കരിപ്പൂരിൽ നിന്നു പുറത്തെത്തിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗവും പറയുന്നത്. രോഗം സ്ഥിരീകരിച്ച കൊടുവള്ളി സ്വദേശിനി ഉംറ കഴിഞ്ഞ് തിരിച്ചു വന്നതാണ്. ഇവർ ഏതാണ്ട് 25 പേരുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.