25 നകം പഞ്ചായത്ത്തലത്തിലുളള സർവ്വകക്ഷിയോഗം

കൽപ്പറ്റ: കൊറോണ രോഗപ്രതിരോധത്തിനായി വാർഡ്തലത്തിൽ ജനകീയ ജാഗ്രതാ സംവിധാനം ശക്തമാക്കാൻ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു.

വാർഡ് മെമ്പർ കൺവീനറായി രൂപീകരിക്കുന്ന സമിതിയിൽ ആരോഗ്യം, പൊലീസ്, റവന്യൂ, ട്രൈബൽ, കുടുംബശ്രീ പ്രതിനിധികൾക്ക് പുറമെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അംഗമായിരിക്കും.

ഓരോ വാർഡിലും കൊറോണ രോഗം തടയുന്നതിനാവശ്യമായ ജാഗ്രതയോടുള്ള ഇടപെടലാണ് സമിതിയുടെ നേതൃത്വത്തിൽ നിർവ്വഹിക്കുക. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന് രാഷ്ട്രീയപാർട്ടി പ്രതിനിധികൾ പിന്തുണ ഉറപ്പുനൽകി.

ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ കൊറോണ പ്രതിരോധനടപടികൾ ഊർജ്ജിതമായി നടക്കുമ്പോഴും നിർദ്ദേശങ്ങൾ ലംഘിച്ചുളള പ്രവർത്തനങ്ങൾ ചിലരുടെ ഭാഗത്ത് നിന്നു ഉണ്ടാവുന്നുണ്ട്. ഇത്തരം പ്രവണതകളെ ചെറുക്കാൻ ജനകീയ ഇടപെടൽ അനിവാര്യമാണെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

നിരീക്ഷണത്തിൽ കഴിയുന്ന ആദിവാസികളെ ട്രൈബൽ ഹോസ്റ്റലുകളിലേക്ക് മാറ്റണമെന്ന് സി.കെ ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. പാതയോരങ്ങളിൽ താമസിക്കുന്നവരുടെ കാര്യവും പരിഗണിക്കണം. വാർഡ്തല സമിതികൾക്കുളള ഏകീകൃത നിർദ്ദേശങ്ങൾ രേഖാമൂലം നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അനാവശ്യമായി ആശങ്ക പരത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഐ.സി ബാലകൃഷ്ണൻ എം.എൽ..എ പറഞ്ഞു. റിസോർട്ടുകളിൽ താമസിക്കുന്നവരെ കുറിച്ചുളള മുഴുവൻ വിവരങ്ങളും ശേഖരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. രോഗ പ്രതിരോധ നിർദ്ദേശങ്ങൾ അനുസരിക്കാൻ പൊതുസമൂഹം തയ്യാറാകണമെന്ന് ഒ.ആർ കേളു എം.എൽ.എ പറഞ്ഞു. ഇതര ജില്ലകളിൽ നിന്ന് വന്നവർ കൂട്ടുകുടുംബങ്ങളിൽ ഒരുമിച്ച് കഴിയുന്ന സാഹചര്യമൊഴിവാക്കാനുളള ഇടപെടൽ ജാഗ്രതാ സമിതികൾ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പറഞ്ഞു.

മറ്റു ജില്ലകളിൽ ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടവർ ഉൾപ്രദേശങ്ങളിലെ റിസോർട്ടുകളിലും മറ്റും താമസിക്കുന്നുണ്ട്. പൊലീസിന്റെ ശക്തമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാവണം. പല ടൗണുകളും ഇപ്പോഴും സജീവമാണ്. ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ലോക്ക് ഡൗൺ പോലുളള സാഹചര്യത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ സാധിക്കണം. ആരാധനാലയങ്ങൾക്ക് കർശന ജാഗ്രതാ നിർദ്ദേശങ്ങൾ നൽകണം. കുടകിൽ ജോലി ചെയ്തിരുന്നവർക്ക് തൊഴിൽ നഷ്ടപ്പെട്ട സാഹചര്യത്തിൽ കോളനികളിൽ പട്ടിണി ഒഴിവാക്കാനുളള നടപടി ഉറപ്പാക്കണം.

യോഗത്തിൽ ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള, ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ, എ.ഡി.എം തങ്കച്ചൻ ആന്റണി, സബ്കളക്ടർ വികൽപ് ഭരദ്വാജ്, ഡി.എം.ഒ ഡോ.ആർ.രേണുക, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ഗഗാറിൻ, വിജയൻ ചെറുകര, എൻ.ഡി അപ്പച്ചൻ, സജി ശങ്കർ, വി.എ മജീദ്, സി.കെ ശിവരാമൻ, സി.മൊയ്തീൻകുട്ടി,സി.എം ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു.