കൽപ്പറ്റ: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. പരമാവധി ഹോട്ടലുകളിൽ നിന്ന് ഭക്ഷണപൊതികൾ നൽകണം. ഭക്ഷണം പൊതിയാൻ പ്ലാസ്റ്റിക്ക് ഒഴിവാക്കാൻ ശ്രദ്ധിക്കണം. അതത് പ്രദേശങ്ങളിലെ തുറന്ന് പ്രവർത്തിക്കേണ്ട ഹോട്ടലുകളുടെ ലിസ്റ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തയ്യാറാക്കി നൽകണം. ആളുകൾ ഇല്ലാത്തതിനാൽ അങ്ങാടികളിൽ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുന്ന പ്രവണത ഒഴിവാക്കാനാണ് ദിവസങ്ങൾ ഇടവിട്ട് തുറക്കേണ്ട ഹോട്ടലുകളുടെ ലിസ്റ്റ് തയ്യാറാക്കുന്നത്.
റിസോർട്ടുകളിലും ഹോട്ടലുകളിലും പുതിയ താമസക്കാരെ അനുവദിക്കരുതെന്ന് റിസോർട്ട് ഹോട്ടൽ ഉടമസ്ഥർക്ക് നിർദ്ദേശം നൽകി. വിവിധ റിസോർട്ടുകളിലും ഹോട്ടലുകളിലുമായി നിലവിൽ താമസിക്കുന്ന അന്യ ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിനോദ സഞ്ചാരികളെ അതത് പ്രദേശങ്ങളിലേക്ക് തിരിച്ച് അയയ്ക്കണം. ഇതിനായി അതിർത്തി വരെ എത്തിക്കുന്നതിന് ടൂറിസ്റ്റ് ടാക്സികളുടെ സേവനം തേടാം. മറ്റു ജില്ലകളിൽ നിന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരം നിരീക്ഷണത്തിൽ കഴിയുന്നവർ ജില്ലയിലെ വിവിധ റിസോർട്ടുകളിലായി താമസിക്കാനെത്തുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
കുടക്, മൈസൂർ, നീലഗിരി എന്നിവിടങ്ങളിലേക്ക് ജില്ലയിൽ നിന്നുള്ള വാഹനങ്ങൾ കർശനമായി നിരോധിച്ച സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് എത്തുന്നവർക്ക് അതിർത്തി വരെ മാത്രമാണ് വാഹന സംവിധാനം ലഭ്യമാകുന്നത്. അതിർത്തിയിൽ നിന്ന് ഇത്തരത്തിൽ എത്തുന്ന യാത്രക്കാരെ വീടുകളിൽ എത്തിക്കുന്നതിന് ടൂറിസ്റ്റ് ടാക്സി വാഹനങ്ങളുടെ സേവനം ആവശ്യപ്പെട്ടു. ഇങ്ങനെ എത്തുന്നവർക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സ്വീകരിക്കേണ്ട മുൻ കരുതലുകളെക്കുറിച്ച് ബോധവത്കരണം നൽകും.
ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന മോട്ടോർ വാഹന സംഘടനകളുടെയും സംരംഭകരുടെയും യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോ, സബ് കളക്ടർ വികൽപ് ഭരദ്വാജ്, എ.ഡി.എം തങ്കച്ചൻ ആന്റണി, ഡെപ്യൂട്ടി കളക്ടർ കെ. അജീഷ്, മുഹമ്മദ് യൂസഫ്, ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക തുടങ്ങിയവർ പങ്കെടുത്തു.