കൽപറ്റ: സാഹസിക വിനോദസഞ്ചാര വികസനത്തിൽ വയനാടിന് ടൂറിസം വകുപ്പിന്റെ പ്രത്യേക പരിഗണന ലഭിച്ചേക്കും. സാഹസിക വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് എം.എൽ.എമാരായ മഞ്ഞളാംകുഴി അലി, പി.ഉബൈദുല്ല, എൻ.ഷംസുദ്ദിൻ, വി.കെ.ഇബ്രാഹിംകുഞ്ഞ് എന്നിവരുടെചോദ്യങ്ങൾക്കു ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സാഹസിക വിനോദസഞ്ചാരത്തിനു ഏറ്റവും യോജിച്ച പ്രദേശമാണ് വയനാടെന്നു മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ മൗണ്ടൻ സൈക്ലിംഗ് മത്സരം നടന്നത് മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദർശിനി തേയിലത്തോട്ടത്തിലാണെന്ന് മറുപടിയിൽ എടുത്തുകാട്ടി.
സംസ്ഥാനത്തെ ദേശീയ അന്തർദേശീയ നിലവാരമുള്ള 50 സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടിക പട്ടിക ടൂറിസം വകുപ്പ് തയ്യാറാക്കിവരികയാണ്. പട്ടികയിൽ വയനാട്ടിലെ കാരാപ്പുഴ, കർലാട്, പ്രിയദർശിനി എൻവിറോൺസ് എന്നിവ ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം രംഗത്തുള്ളവർ. കാരാപ്പുഴ വിനോദസഞ്ചാരകേന്ദ്രത്തിൽ നാഷണൽ അഡ്വഞ്ചർ ഫൗണ്ടേഷനു കീഴിൽ അഡ്വഞ്ചർ പാർക്ക് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയിലെ കോവളം, കാപ്പിൽ, നെയ്യാർ ഡാം, കൊല്ലം ജില്ലയിലെ തെന്മല, ജഡായുപാറ, അഷ്ടമുടിക്കായൽ, പത്തനംതിട്ട ജില്ലയിലെ ഗവി,കോന്നി, ഇടുക്കി ജില്ലയിലെ മൂന്നാർ, വാഗമൺ,കോട്ടയം ജില്ലയിലെ കുമരകം, എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ടി, ചെറായി ബീച്ച്, തൃശൂർ ജില്ലയിലെ അതിരപ്പള്ളി, പാലക്കാട് ജില്ലയിലെപോത്തുണ്ടി ഡാം, മലപ്പുറം ജില്ലയിലെ കോട്ടക്കുന്ന്,കോഴിക്കോട് ജില്ലയിലെ തുഷാരഗിരി, കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട്, പാലക്കയംതട്ട്, കാസർകോട് ജില്ലയിലെ റാണിപുരം,കോട്ടപ്പുറം തുടങ്ങിയവയും പട്ടികയിൽ ഉണ്ടാകുമെന്നാണ് സൂചന.

രാജ്യത്ത് പാരാഗ്ലൈഡിംഗ് നടക്കുന്ന സ്ഥലങ്ങമാണ് വാഗമൺ. അഡ്വഞ്ചർ ടൂറിസം പാർക്കും പ്രർത്തിക്കുന്ന വാഗമണിനെ സാഹസിക ടൂറിസംഹോട്ട്സ്‌പോട്ടാക്കാനുള്ള തീരുമാനത്തിലാണ് ടൂറിസം വകുപ്പ്. കോവളത്തു പാരസെയ്ലിംഗ് ആരംഭിക്കാനുള്ള നീക്കങ്ങൾ പുരോഗതിയിലാണ്.പോത്തുണ്ടി ഡാമിൽ അഡ്വഞ്ചർ പാർക്ക് നിർമാണം അന്തിമഘട്ടത്തിലാണ്. വൈറ്റ് വാട്ടർ കയാക്കിംഗിനു പ്രസിദ്ധമായ തുഷാരഗിരിയിൽ അടിസ്ഥാന സൗകര്യ വികസനം സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കുന്നുണ്ട്.