 ജില്ലയിൽ ആകെ 8,408 പേർ നിരീക്ഷണത്തിൽ

 ഐസൊലേഷൻ വാർഡിൽ 36 പേർ

കോഴിക്കോട് : ജില്ലയിൽ ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ച മൂന്നു പേരാണ് കോഴിക്കോട്ട് ചികിത്സയിലുള്ളത്. ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന കണ്ണൂർ സ്വദേശിയ്ക്കാണ് കൊറോണ ഇന്നലെ സ്ഥിരീകരിച്ചത്.

ആകെ 8408 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 263 പേർ ഇന്നലെ ഈ പട്ടികയിലുൾപ്പെട്ടവരാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 17 പേരും ബീച്ച് ആശുപത്രിയിൽ 19 പേരും ഉൾപ്പെടെ ആകെ 36 പേർ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ട്. ബീച്ച് ആശുപത്രിയിൽ നിന്ന് എട്ട് പേരെ ഇന്നലെ ഡിസ്ചാർജ്ജ് ചെയ്തു.
ഇന്നലെ 14 സ്രവ സാംപിൾ പരിശോധനയ്ക്ക് അയച്ചു. ആകെ 190 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 162 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. 158 എണ്ണം നെഗറ്റീവാണ്. 3 പേരുടെ പരിശോധനാഫലം പോസിറ്റീവാണ്. ഇനി 29 പേരുടെ പരിശോധനാ ഫലം മാത്രമേ ലഭിക്കാൻ ബാക്കിയുള്ളു.

ജില്ലയിൽ കൊറോണ പോസിറ്റിവ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വാർഡ്തല ദ്രുതകർമ്മ സേനകളുടെ പ്രവർത്തനങ്ങളും ബോധവത്കരണവും ശക്തമാക്കിയതായും ജില്ലയിലേക്കുള്ള പ്രവേശന കവാടങ്ങളായ കുറ്റ്യാടി, പുതുപ്പാടി, ഒളവണ്ണ എന്നിവിടങ്ങളിൽ പരിശോധന ഊർജ്ജിതമാക്കിയതായും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.ജയശ്രീ അറിയിച്ചു.
മാനസികസംഘർഷം കുറയ്ക്കുന്നതിനായി മെന്റൽ ഹെൽത്ത് ഹെല്പ് ലൈനിലൂടെ 44 പേർക്ക് കൗൺസലിംഗ് നൽകി. സോഷ്യൽ മീഡിയയിലൂടെ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി.

സംസ്ഥാനതലത്തിൽ ലഭിച്ചതും ജില്ലയിൽ തയ്യാറാക്കിയതുമായ കൊറോണയെ സംബന്ധിച്ച വീഡിയോ ക്ലിപ്പുകളും പോസ്റ്ററുകളും ഓഡിയോ അനൗൺസ്‌മെന്റ് ക്ലിപ്പും കീഴ്സ്ഥാപനങ്ങൾക്ക് അയച്ചുകൊടുത്തു. വാട്‌സ്ആപ്പിലൂടെയും എൻ.എച്ച്.എം ഫേസ് ബുക്കിലൂടെയും കൊറോണ സന്ദേശങ്ങളും വീഡിയോ ക്ലിപ്പുകളും പ്രചരിപ്പിക്കുന്നുണ്ട്.