മാനന്തവാടി: വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂർക്കാവിലെ പ്രധാന ചടങ്ങായ ആയ ഒപ്പന വരവ് ഇന്ന് നടക്കും. ഒപ്പന കോപ്പിനായി ആരവങ്ങളില്ലാതെ ക്ഷേത്രം മേൽശാന്തി വരശാല ഇല്ലം ശ്രീജേഷ് നമ്പൂതിരി ഇന്നലെ കല്ലോടി ചേരങ്കോട് ഇല്ലത്തേക്ക് പുറപ്പെട്ടു.

ഒപ്പന കോപ്പുമായി ഇന്ന് വൈകീട്ട്‌ മേൽശാന്തി വള്ളിയൂർക്കാവിലെത്തും. ഒരുപക്ഷെ ചരിത്രത്തിലാദ്യമായിട്ടാണ് കാവിലെ ഉത്സവത്തിന്റെ ഒപ്പന വരവിന് ആളുംആരവങ്ങളുമില്ലാതെ ചടങ്ങുകൾ നടക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ ഉത്സവം ആഘോഷങ്ങളില്ലാതെ നടത്താൻ തീരുമാനിച്ചപ്പോൾ തന്നെ കാവിലെ ഉത്സവത്തിന് നിറം മങ്ങിയിരുന്നു.അതിനു പുറമെ മഹാമാരിയുടെ വ്യാപനത്തെ തുടർന്ന് ക്ഷേത്ര ദർശനത്തിന് കൂടി നിയന്ത്രണമായതോടെ ഭക്തജനങ്ങളുടെ വരവും ഇല്ലാതായി.

ഒപ്പന കോപ്പ് ക്ഷേത്രത്തിലെത്തിയാൽ മൂന്നാം ദിവസം ആറാട്ട് എഴുന്നള്ളത്തും നാലാം ദിവസം പുലർച്ചയോടെ കൊലം കൊറയും നടക്കും. ഇത്തവണ പതിനാല് ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകൾക്കും ആളും ആരവങ്ങളുമില്ലാതെ പരിസമാപ്തി.