manojan

കുറ്യാടി: കോറോണ ഭീതിയിലുള്ള നാട്ടുകാർക്ക് മാസ്‌ക് തയ്ച്ചു നൽകുകയാണ് മരുതോങ്കര പഞ്ചായത്തിലെ ചീനമേലി കൊറ്റോത്തുമ്മൽ മനോജൻ. ഡ്യൂട്ടിസമയം കഴിഞ്ഞ് കിട്ടുന്ന ഇടവേളകളിലും രാത്രിയിലുമായാണ് തുണി മാസ്‌കുകൾ ഒരുക്കുന്നത്. മാസ്‌കിനുള്ള തുണി പാകത്തിന്ന് വെട്ടാനും ഇസ്‌തിരിയിടാനും ഭാര്യ നിഷയും ഒപ്പമുണ്ട്.

മാസ്‌ക് ആവശ്യമുള്ള സന്നദ്ധസംഘടനകളും മറ്റും ആവശ്യപ്പെട്ടാൽ നൂറും ഇരുന്നൂറും മാസ്‌കുകൾ ഉറക്കമൊഴിഞ്ഞിരുന്ന് മനോജൻ തയ്ച്ച്‌ കൊടുക്കുകയാണ്. 'ബ്രേക്ക് ദി ചെയിൻ" കാമ്പയിൻ ഏറ്റെടുത്ത് കൊറോണയ്ക്കെതിരെ പോരാടാൻ ഇങ്ങനെ വേറിട്ട പാതയിൽ നീങ്ങുകയാണ് നാദാപുരം കോടതിയിലെ പ്രോസസ് സർവർ മനോജൻ.

കുറ്റ്യാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സേവാഭാരതിയ്ക്കായി കഴിഞ്ഞ ദിവസം ഇരുന്നൂറിലധികംം മാസ്ക്കുകൾ തയ്ച്ചു നൽകി.

തയ്യൽ ജോലിയോടുള്ള അടുപ്പമാണ് മാസ്‌ക് നിർമ്മിക്കുക എന്ന ആശയത്തിന് പിന്നിലെന്ന് മനോജൻ പറഞ്ഞു. ഈ താത്പര്യം ഇപ്പോൾ ഇങ്ങനെ ഉപകരിച്ചതായും അദ്ദേഹം പറഞ്ഞു. ഭാര്യ നിഷ തൃശൂരിലെ മാള കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കണ്ടക്ടറാണ്.