കൽപ്പറ്റ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി വിദേശത്ത് നിന്ന് എത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പും പൊലീസും കർശന നിർദേശം നൽകിയവർ നിർദ്ദേശം അവഗണിച്ച് ജനങ്ങളിൽ പരിഭ്രാന്തി ഉണ്ടാക്കുന്നതരത്തിൽ പൊതുസ്ഥലങ്ങളിൽ ഇറങ്ങി നടക്കുകയും ജനങ്ങളുമായി ഇടപെടുകയും ചെയ്തതിന് മാനന്തവാടി കാരക്കുനി സ്വദേശിയായ വീരാളിതക്കവിൽ വീട്ടിൽ ഷബാബ് (25), ഒണ്ടയങ്ങാടി സ്വദേശി സഫിയത്ത് വീട്ടിൽ ഫിറോസ് (40) എന്നിവർക്കെതിരെ മാനന്തവാടി പൊലീസ് സ്‌റ്റേഷനിൽ 2 കേസുകൾ വീതം രജിസ്റ്റർ ചെയ്തു. പനമരം പൊലീസ് സ്‌റ്റേഷനിൽ അഞ്ചുകുന്ന് സ്വദേശിയായ റഷീദ്, കെല്ലൂർ സ്വദേശി മുഹമ്മദ് സാലിഹ് എന്നിവർക്കെതിരെ പനമരം പൊലീസ് സ്‌റ്റേഷനിൽ 2 കേസുകൾ വീതം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വയനാട് ജില്ലാ സൈബർ സെല്ലിന്റെ ആധുനിക ജിയോ ഫെൻസിങ് സംവിധാനം വഴിയാണ് ഇവരെ കണ്ടെത്തിയത്.
മാർച്ച് 15ന് ഖത്തറിൽ നിന്ന് നാട്ടിൽ വന്ന് ഹോം ക്വാറന്റൈന് നിർദ്ദേശിച്ച മലപ്പുറം ജില്ലയിലെ തിരൂർ, വേങ്ങര സ്വദേശികളായ രണ്ട് പേർ സുഹൃത്തുക്കളുമായി മേപ്പാടിയിലെ ഒരു ഹോംസ്‌റ്റേയിൽ താമസിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഇവർക്കെതിരെ നടപടിയെടുത്തു. ഖത്തറിൽ നിന്നു വന്ന വേങ്ങര സ്വദേശി ഷാഹുൽ ഹമീദ് (27), തിരൂർ സ്വദേശി തസ്ലീം ഹാരിസ് (23) എന്നിവരെ പ്രതിചേർത്ത് മേപ്പാടി പൊലീസ് സ്‌റ്റേഷനിൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇവരെയും കൂടെയുള്ള 4 പേരെയും ഹോംസ്‌റ്റേയിൽ തന്നെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്.
കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനത കർഫ്യൂ പ്ര്യാപിച്ച ഞായറാഴ്ച വൈകീട്ട് തലപ്പുഴ മുള്ളൻ എന്ന സ്ഥലത്ത് മാംസവിൽപ്പന നടത്തിയ ആലാറ്റിൽ സ്വദേശി അസീസ് എന്നയാളെ പ്രതിചേർത്ത് തലപ്പുഴ പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ലയിൽ വിവിധ സ്‌റ്റേഷനിലുകളിലായി ഇതുവരെ 21 കേസുകൾ രജിസ്റ്റർ ചെയ്യുകയും 13 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തിട്ടുണ്ട്. ആളുകൾ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.