പുറമേരി: കൊറോണ ജാഗ്രതയുടെ ഭാഗമായി നാദാപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. ജീപ്പ് ,ഓട്ടോ ഉൾപ്പെടെയുള്ള സമാന്തര സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തി. മാർക്കറ്റുകളിൽ മൽസ്യം രാവിലെ 6 മണി മുതൽ 11 മണി വരെയും ഇറച്ചി രാവിലെ 6 മണി മുതൽ 9 മണി വരെയും വിൽപ്പന നടത്താനുള്ള സമയക്രമീകരണം നടപ്പിലാക്കി. അവശ്യ സർവീസുകൾ ലഭ്യമാക്കുന്ന വ്യാപാരസ്ഥാപനങ്ങൾ രാവിലെ 10 മണി മുതൽ നാലു മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ . കടകളിൽ അഞ്ചു പേരിൽ അധികം ആളുകൾ വരാത്ത രീതിയിൽ വ്യാപാരസ്ഥാപനങ്ങൾ ശ്രദ്ധിക്കണം.പൊതുജനങ്ങൾ പരമാവധി ഹോം ഡെലിവറി സൗകര്യം ഉപയോഗപ്പെടുത്തണം. എന്നാൽ ക്രമീകരണം ഫാർമസി മെഡിക്കൽ ഷോപ്പുകൾ എന്നിവയ്ക്ക് ബാധകമല്ല. ടൗണുകളിൽ അനാവശ്യ വാഹന പാർക്കിംഗ് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. യോഗത്തിൽ നാദാപുരം എം.എൽ.എ ഇ .കെ .വിജയൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് .ബാലകൃഷ്ണൻ , പഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി, നാദാപുരം സി.ഐ എൻ.സുനിൽകുമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.