banar

കുറ്റ്യാടി: കൊറോണയ്ക്കെതിരെ നാടൊന്നാകെ പ്രതിരോധം തീർക്കുന്നതിനിടെ കുന്നുമ്മൽ, നരിപ്പറ്റ പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അനധികൃത മദ്യവിൽപ്പനയിൽ നാട്ടുകാർക്ക് ആശങ്ക. കുന്നുമ്മൽ പഞ്ചായത്തിലെ കക്കട്ട് ടൗണിലും നരിപ്പറ്റ റോഡ്, കുളങ്ങരത്ത് എന്നിവിടങ്ങളിലും വലിയ തോതിൽ വിൽപ്പന നടത്തുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയൊന്നുമില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. നരിപ്പറ്റ പഞ്ചായത്തിലെ നരിപ്പറ്റ റേഷൻ കടയ്ക്ക് സമീപവും

മുള്ളമ്പത്ത് ആനക്കുഴി പീടികയ്ക്ക് സമീപവും മദ്യപാനികളുടെ വിളയാട്ടമാണ്. നൂറിലധികം മദ്യപാനികളാണ് ദിവസവും ആനക്കുഴി പൂതംപാനി റോഡിൽ ഒത്തുകൂടുന്നത്. ഇതുമൂലം സ്ത്രീകൾക്കും കുട്ടികൾക്കും സാധനങ്ങൾ വാങ്ങാൻ കടയിൽ പോകാനാവാത്ത അവസ്ഥയാണ്. മദ്യപാനികളുടെ ശല്യം കൂടിയപ്പോൾ ആനക്കുഴിയിൽ മദ്യപാനവും വിൽപ്പനയും പാടില്ലെന്ന ബാനർ പ്രത്യക്ഷപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തതിൽ നാട്ടുകാർക്ക് അമർഷമുണ്ട്. കുന്നുമ്മൽ പഞ്ചായത്തിൽ

എക്സൈസ് പരിശോധന പ്രഹസനമായതോടെയാണ് വിൽപ്പന സജീവമായത്. കഴിഞ്ഞ ഒരു വർഷത്തിനിടെ എക്സൈസ് നടത്തിയ പരിശോധനകളിൽ 300 കുപ്പി മാഹി മദ്യം ഉൾപ്പെടെ പിടികൂടുകയും ഏഴുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

മത്സ്യ മാർക്കറ്റ് , ടൗണിലെ കടകളുടെ പിറകുവശം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് വില്പന നടക്കുന്നത്. വിവിധ പ്രദേശങ്ങളിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ വരെ മദ്യം തേടി കക്കട്ടിലെത്തുന്നതായി നാട്ടുകാർ പറയുന്നു. കുളങ്ങരത്തെ സ്വകാര്യ വ്യക്തിയുടെ കടയ്ക്ക് പിന്നിൽ വൈകുന്നേരങ്ങളിൽ നടക്കുന്ന മദ്യവിൽപ്പന നാട്ടുകാർക്ക് ശല്യമായിരിക്കുകയാണ്. ആളൊഴിഞ്ഞ പറമ്പുകളിലും, ഇടവഴികളിലും മദ്യം എത്തിച്ചു കൊടുക്കുന്ന കണ്ണികളും ഇവിടെ സജീവമാണെന്ന് നാട്ടുകാർ പറയുന്നു.