പുൽപ്പള്ളി: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും മരംവീണ് വീട് തകർന്നു. മാരപ്പനൻമൂല പാമ്പാറക്കൽ രാജേഷിന്റെ വീടിനു മുകളിലാണ് സമീപത്ത് ഉണങ്ങി നിന്ന വീട്ടിമരം ഒടിഞ്ഞുവീണത്. മരം ഒടിയുന്ന ശബ്ദം കേട്ട് വീട്ടുകാർ വീടിന് പുറത്തിറങ്ങിയതിനാൽ ആളപായമില്ല. വീടുമേഞ്ഞിരുന്ന ഷീറ്റുകളും വീട്ടുപകരണങ്ങളും നശിച്ചു. റവന്യു ഭൂമിയായതിനാൽ വീടിനു സമീപം ഉണങ്ങി നിൽക്കുന്ന വീട്ടിമരങ്ങൾ വെട്ടി മാറ്റുവാനുള്ള അപേക്ഷ കഴിഞ്ഞ വർഷം രാജേഷ് റവന്യു അധികൃതർക്ക് നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. വികലാംഗനായ രാജേഷിന് ഇതോടെ വീടും നഷ്ടമായി.