കോഴിക്കോട് : പുതിയ സാമ്പത്തികവർഷത്തേക്കുള്ള വികസന പദ്ധതി രേഖയ്ക്ക് കോർപ്പറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകി. 177.74 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുക.

വിശപ്പുരഹിതകേരളം (50 ലക്ഷം), വയോ ക്ലബ് (10ലക്ഷം), ദുരന്ത നിവാരണ (നാലര കോടി) പദ്ധതികൾ നടപ്പാക്കും.

കൗൺസിൽ യോഗത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.
കൊറോണ പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ പൂർണ ജാഗ്രതയോടെയായിരുന്നു യോഗം ചേർന്നത്. ഓരോരുത്തർക്കുമിടയിൽ ഒരു മീറ്റർ അകലം കൃത്യമായി പാലിക്കാനായി 75 ൽ 46 കൗൺസിലർമാർ മാത്രമാണ് പങ്കെടുത്തത്. 90 അജൻഡകളിൽ ചർച്ച വേണ്ട ചിലത് മാറ്റിവച്ചു. അര മണിക്കൂറിനുള്ളിൽ തന്നെ യോഗം അവസാനിപ്പിച്ചാണ് പിരിഞ്ഞത്. 28 നാണ് കോർപ്പറേഷൻ ബഡ്‌ജറ്റ്.