news

കുറ്റ്യാടി : കൊറോണ ഭീതിയിലും നാടിന്റെ അതിജീവനം ഏറ്റെടുത്ത് തൊട്ടിൽ പാലം മൂന്നാംകൈയിലെ ഒരു കൂട്ടം ചെറുപ്പക്കാർ. ആളുകൾ സാധനങ്ങൾക്കായി അങ്ങാടികളിലെത്തുന്നത് ഒഴിവാക്കാനും നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലുള്ളവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യത്തിലും പല വ്യഞ്ജനങ്ങളുമായി യുവധാര മൂന്നാം കൈയുടെ പ്രവർത്തകർ വീടുകളിലെത്തുകയാണ്. യുവധാര ഓൺലൈൻ കൂട്ടായ്മയിലൂടെ ഓർഡർ നൽകുന്നതനുസരിച്ചാണ് സാധനങ്ങളുടെ വില മാത്രം ഈടാക്കി വീടുകളിലെത്തിക്കുന്നത്. അതെസമയം സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവരുടെ വീടുകളിൽ തികച്ചും സൗജന്യമായാണ് അവശ്യ സാധനങ്ങളുടെ വിതരണം. ഗതാഗതം പ്രയാസമായതിനാൽ കോഴിക്കോട് നഗരത്തിൽ മാത്രം ലഭിക്കുന്ന മരുന്നുകളും ഇവർ എത്തിച്ചു കൊടുക്കുന്നു. കഴിഞ്ഞ പ്രളയകാലത്ത് ഒരു നാടിന്റെ ഹൃദയത്തുടിപ്പായ ഈ കൂട്ടായ്മ കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനായി ജനങ്ങൾക്കൊപ്പം അവരുടെ ആവശ്യമറിഞ്ഞ് പ്രവർത്തിക്കുകയാണ്. വി.പി.റെനീഷ്, എൻ.സി.ക്ലിനോയ്, പി.എം.പ്രവീൺ, എം.അമൽ, ശ്യാമിൻ ലാൽ തുടങ്ങിയവർ നേതൃത്വലാണ് കൂട്ടായ്മയുടെ പ്രവർത്തനം.