കൽപ്പറ്റ: തൊവരിമല ഭൂസമരത്തിന്റെ ഭാഗമായി കലക്ടറേറ്റിന് മുന്നിൽ 11 മാസമായി തുടർന്നു വരുന്ന സത്യാഗ്ര സമരപ്പന്തൽ, കൊറോണ കാലത്തെ കരുതലിന്റെ ഭാഗമായി, താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചു.

ജില്ലാ കലക്ടറുടെ ഓഫീസിൽ നടന്ന ചർച്ചയിൽ, സമരപ്പന്തൽ സംരക്ഷിക്കാമെന്ന് ജില്ലാ കലക്ടർ ഉറപ്പ് നൽകി. അടിയന്തിര സാഹചര്യം പരിഗണിച്ച് തൽക്കാലം സമരം നിർത്തിവെക്കാനും കോറോണ രോഗഭീതി ഒഴിവാകുന്ന സാഹചര്യത്തിൽ സമരം പുനരാരംഭിക്കാമെന്നും അതുവരെ സമരപ്പന്തൽ സംരക്ഷിക്കാമെന്നും ജില്ലാ കലക്ടർ അദീല അബ്ദുള്ള ഉറപ്പ് നൽകി​യതായി​ സമരസമി​തി​ നേതാക്കൾ പറഞ്ഞു.

സുരക്ഷാർത്ഥം മാറി നിൽക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദേശം മാനിച്ചാണ് തൊവരിമല ഭൂസമരക്കാർ തീരുമാനമെടുത്തത്. അയൽജില്ലകളിലും കുടകിലും കൊറോണ രോഗം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ അവിടങ്ങളിലുളളവർ സമര പന്തലിലെത്തുന്നത് സമരക്കാരെ ബാധിക്കാൻ സാധ്യതയുണ്ടെന്നതിലാണ് മാറിനിൽക്കാൻ നിർദ്ദേശിച്ചത്. സമരക്കാർക്ക് ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റ്, സോപ്പ്, സാനിറ്റെസർ, മാസ്‌ക്ക് തുടങ്ങിയവ ജില്ലാ ഭരണകൂടം നൽകി​. സമരക്കാർ സ്വന്തം കോളനികളിലേക്ക് തിരികെ പോകണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. സമരക്കാരോടെപ്പം പന്തലിൽ കഴിഞ്ഞു വന്ന ജോസഫ് എന്നയാളെ സാമൂഹ്യ നീതി വകുപ്പിന്റെ വൃദ്ധ സദനത്തിലേക്ക് മാറ്റും.

പി.വെളിയൻ (പ്രസി. ആദിവാസി ഭാരത് മഹാസഭ), കെ.ജാനകി (വൈസ് പ്രസി. ആദിവാസി ഭാരത് മഹാസഭ), എൻ.ഡി.വേണു (സി​.പി​.ഐ.എം.എൽ. റെഡ്സ്റ്റാർ), പി.ടി.പ്രേമാനന്ദ് (ജി​ല്ലാ സെക്രട്ടറി സി​.പി​.ഐ.എം.എൽ. റെഡ്സ്റ്റാർ), കെ.വി. പ്രകാശൻ (കൺവീനർ, ഭൂസമര സമിതി, ജില്ലാകമ്മിറ്റി) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

2019 ഏപ്രിൽ 24 നാണ് കലക്ടറേറ്റി​നു മുന്നി​ൽ ഭൂസമരസമി​തി​യുടെ നേതൃത്വത്തി​ൽ സമരമാരംഭി​ച്ചത്.

(ചിത്രം)
സമരക്കാർക്ക് ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റ്, സോപ്പ്, സാനിറ്റെസർ, മാസ്‌ക്ക് തുടങ്ങിയവ നൽകുന്നു.