clean

കോഴിക്കോട്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണിന്റെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റിൽ വിവിധ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. ജനങ്ങൾക്ക് അവശ്യവസ്തുക്കളും സേവനങ്ങളും ലഭിക്കുന്നുണ്ടെന്നും നിയന്ത്രണങ്ങൾ കർശനമായി പാലിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കുന്നതിനാണ് കൺട്രോൾ റൂമുകൾ ആരംഭിച്ചത്.

 ട്രാൻസ്‌പോർട്ട് കൺട്രോൾ റൂം

പൊതുഗതാഗത സംവിധാനങ്ങൾ നിറുത്തലാക്കിയ സാഹചര്യത്തിൽ ജനങ്ങൾക്ക് അടിയന്തരഘട്ടങ്ങളിൽ വാഹനസൗകര്യം ഏർപ്പെടുത്തുന്നതിന് റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടർ നോഡൽ ഓഫീസറായാണ് ട്രാൻസ്‌പോർട്ട് കൺട്രോൾ റൂം രൂപീകരിച്ചത്.

ആർ.ടി.ഒ പ്രതിനിധി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ, ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരും അംഗങ്ങളാണ്. ചരക്കുനീക്കത്തിനുള്ള വാഹനങ്ങളുടെ ലഭ്യത ഉറപ്പാക്കണം. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുമായി നിരന്തരം ബന്ധം പുലർത്തുകയും ഒരിടത്തും വാഹനങ്ങളുടെ ദൗർലഭ്യം കാരണം അവശ്യവസ്‌തുക്കളുടെ ക്ഷാമമുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യണം. ഇത് സംബന്ധിച്ച പരാതികൾ പരിഹരിക്കണം.

 അവശ്യവസ്തുക്കളുടെ കൺട്രോൾ റൂം
ദേശീയപാത ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടർ നോഡൽ ഓഫീസറായാണ് അവശ്യവസ്തുക്കളുടെ കൺട്രോൾ റൂം രൂപീകരിച്ചത്. ജില്ലാ സപ്ലൈ ഓഫീസർ, ആർ.ടി.ഒ പ്രതിനിധി, ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത പൊലിസ് ഉദ്യോഗസ്ഥൻ എന്നിവരാണ് അംഗങ്ങൾ. ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണം ഉറപ്പാക്കുകയാണ് പ്രധാന ദൗത്യം. ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മേധാവികളുമായുള്ള ഏകോപനം, ജില്ലയിലെ വ്യാപാര വ്യവസായ സംഘടനകളുമായും നിരന്തര ബന്ധം പുലർത്തുക, ജില്ലയിൽ ഒരിടത്തും അവശ്യവസ്തുക്കളുടെ ക്ഷാമം ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക, അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുക, ഇവ സംബന്ധിച്ച പരാതികൾ ഫലപ്രദമായി പരിഹരിക്കുക തുടങ്ങിയവയാണ് മറ്റ് ചുമതലകൾ.

 ലോ ആൻഡ് ഓർഡർ കൺട്രോൾ റൂം

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട ക്രമസമാധാന പ്രശ്‌നങ്ങൾ, പരാതികൾ, വില്ലേജ് തലത്തിലുള്ള സ്‌ക്വാഡുകളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിന് ജില്ലാ പൊലിസ് മേധാവിയുടെ ഓഫീസിലാണ് ലോ ആൻഡ് കൺട്രോൾറൂം സജ്ജീകരിച്ചിട്ടുള്ളത്. കൂടാതെ അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ കളക്ടറേറ്റിലും നോഡൽ ഓഫീസ് പ്രവർത്തിക്കും.

 നോഡൽ ഓഫീസർമാരെ നിയമിച്ചു

ജില്ലയിലെ ഇതര യസംസ്ഥാന തൊഴിലാളികൾക്കും തെരുവോരങ്ങളിൽ കഴിയുന്നവർക്കും ഭക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് നോഡൽ ഓഫീസർമാരെ നിയമിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്നതിന് ഡെപ്യൂട്ടി കലക്ടർ എൻ. റംല നോഡൽ ഓഫീസറും ജില്ലാ ലേബർ ഓഫീസർ, ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്‌സ്‌മെന്റ്) എന്നിവർ അംഗങ്ങളുമാണ്. നോഡൽ ഓഫീസറെ സഹായിക്കുന്നതിന് കളക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് സുബൈറിനെ ചുമതലപ്പെടുത്തി. ഇതര സംസ്ഥാന തൊഴിലാളികൾ നിലവിൽ ഏത് തൊഴിലുടമയുടെ കീഴിലാണോ ജോലി ചെയ്യുന്നത് അവിടെ തുടരുന്നുണ്ടെന്നും തൊഴിലാളികൾക്കുള്ള ഭക്ഷണം തൊഴിലുടമ എത്തിക്കുന്നുണ്ടെന്നും ജില്ലാ ലേബർ ഓഫീസർ ഉറപ്പുവരുത്തേണ്ടതാണ്. തൊഴിലാളികൾക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യം ജില്ലയിൽ ഒരിടത്തും ഉണ്ടാവരുതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നോഡൽ ഓഫീസറുടെ ഫോൺ: 9497304609.

തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഷീബ മുംതാസ് നോഡൽ ഓഫീസറും ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ പുഷ്പ അംഗവുമായി ചുമതല നൽകി. തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകുന്നതിനായി ജില്ലയിലെ സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ച് നടപടികൾ സ്വീകരിക്കണം. നോഡൽ ഓഫീസറുടെ ഫോൺ നമ്പർ: 9496438920.