കേണിച്ചിറ: മിൽമ പാൽ എടുക്കാതി​രുന്ന ചൊവ്വാഴ്ച ഫാം ഉടമ സ്വന്തം ഫാമിലെ മുഴുവൻ പാലും സൗജന്യമായി നാട്ടുകാർക്ക് നൽകി. കേണിച്ചിറ അതിരാറ്റുകുന്ന് പുന്നത്താനത്ത് അഭിലാഷ് ആണ് രാവിലെ കറന്ന 230 ലിറ്റർ പാലും ഉച്ചക്ക് ശേഷമുള്ള 80 ലിറ്റർ പാലും സൗജന്യമായി നൽകിയത്.

ദിവസവും കറക്കുന്ന ഇത്രയും പാൽ എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ് സൗജന്യമായി നൽകാൻ അഭിലാഷ് തീരുമാനിച്ചത്. വീടിന് മുമ്പിലെ റോഡരുകിൽ കൈകഴുകാൻ വെള്ളവും സോപ്പും സജ്ജമാക്കിയിരുന്നു. ഇതോടൊപ്പമാണ് ആവശ്യമനുസരി​ച്ച് പാലളന്ന് എടുക്കാനുള്ള സൗകര്യവുമൊരുക്കിയത്.

കേണിച്ചിറയിൽ നിന്ന് അതിരാറ്റുകുന്ന് വഴി ഇരുളത്തേക്കും പുൽപ്പള്ളിയിലേക്കും തിരിച്ചും യാത്രചെയ്ത നിരവധി പേർ ഇവിടെ നിർത്തി ആവശ്യാനുസരണം പാലെടുത്ത് പോയി​.

സൗജന്യമായി പാൽ നൽകുന്ന വിവരം അഭിലാഷ് വാട്ട്സ് ആപ്പും ഫെയ്സ്ബുക്കും വഴി അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ രാവിലെ കറന്ന പാൽ 11 മണിയോടെ തീർന്നു.

നിയന്ത്രണം മുന്നിൽ കണ്ട് പശുക്കൾക്ക് ഒന്നര മാസത്തേക്കുള്ള തീറ്റ അഭിലാഷ് മുൻകൂട്ടി സംഭരിച്ചി​ട്ടുണ്ട്. അഭിലാഷ് സെക്രട്ടറിയായ മലബാർ ഡെയറി ഫാർമേഴ്സ് അസോസിയേഷൻ മുൻകൈയ്യെടുത്ത് അംഗങ്ങളായ ക്ഷീരകർഷകർക്ക് ആവശ്യമായ കാലിത്തീറ്റയും എത്തിച്ചുനൽകിയിട്ടുണ്ട്.

രണ്ട് പശുക്കളിൽ നിന്നായിരുന്നു അഭിലാഷിന്റെ തുടക്കം. ഇപ്പോൾ പശുക്കൾ 30 ആയി. 22 എണ്ണത്തിനാണ് നിലവിൽ കറവയുള്ളത്. ഈ യുവകർഷകനെ തേടി നിരവധി പുരസ്‌ക്കാരങ്ങളുമെത്തി. ആത്മ വയനാടിന്റെ മികച്ച യുവക്ഷീര കർഷക പുരസ്‌ക്കാരം, മൃഗസംരക്ഷണ വകുപ്പ് നൽകിയ മികച്ച യുവക്ഷീരകർഷനുള്ള അവാർഡ്, വാകേരി ക്ഷീരോത്പാദക സഹകരണസംഘത്തിൽ ഏറ്റവും കൂടുതൽ പാൽ അളന്നതിനുള്ള അവാർഡ് എന്നിങ്ങനെയാണ് അഭിലാഷിന്റെ നേട്ടങ്ങൾ. സ്വകാര്യ ധനകാര്യ സ്ഥാപനത്തി​ൽ റീജിയണൽ മാനേജറായിരുന്ന അഭിലാഷ് ജോലി ഉപേക്ഷിച്ചാണ് ക്ഷീരമേഖലയിലെത്തി​യത്.

ക്യാപ്ഷൻ
അഭിലാഷ് വീടിന് മുന്നിലെ റോഡരുകിൽ വെച്ച പാൽപാത്രത്തിൽ നിന്ന് പാൽ അളന്നെടുക്കുന്നവർ