കോഴിക്കോട് : കൊറോണയുടെ സാമൂഹ്യ വ്യാപനമുൾപ്പെടെ മുന്നിൽകണ്ട് അടിയന്തര സാഹചര്യം നേരിടാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂടുതൽ സജ്ജീകരണങ്ങളായി . എം.സി.എച്ചിലും ഐ.എം.സിഎച്ചിലുമായാണ് ഐസൊലേഷൻ വാർഡുകളുടെ എണ്ണം കൂട്ടിയത്. 500 കിടക്കകളാണ് തയ്യാറായത്. വാർഡ് ഒന്നുമുതൽ എട്ടുവരെ ഐസൊലേഷൻ വാർഡാക്കി മാറ്റി. കൂടുതൽ വെന്റിലേറ്ററുകൾ ഉടൻ ലഭ്യമാകും. കൂടാതെ ഐ.എം.ജിയിലെ 24 ഹോസ്റ്റൽ മുറികളും അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാം. ആവശ്യം വരുന്നതിന് അനുസരിച്ച് പത്ത് കെട്ടിടങ്ങൾ കൂടി ഉപയോഗിക്കും.
ഡോക്ടർമാരുടെ സേവനം ഐസൊലേഷൻ വാർഡുകളിലേക്ക് മാറുന്നതുൾപ്പെടെയുള്ള ക്രമീകരണം തയ്യാറാക്കിയിട്ടുണ്ട്. അതെസമയം സാധാരണ രോഗികൾ ഒ.പിയിലേക്ക് വരാതെ അടുത്തുള്ള താലൂക്ക് ആശുപത്രികളും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ഉപയോഗപ്പെടുത്തണമെന്നാണ് നിർദ്ദേശം.
പി.പി കിറ്റുകൾ വേണം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ഡോക്ടർമാരും ജീവനക്കാരും രോഗിയുടെ ബന്ധുക്കളും ഉപയോഗിക്കുന്ന പി.പി കിറ്റുകളും അനുബന്ധ ഉപകരണങ്ങളുടെയും ആവശ്യകത വർദ്ധിക്കുന്നുണ്ട്. നിലവിൽ ദിവസവും 100 പി.പി കിറ്റുകൾ ആവശ്യമുണ്ട്. ഇത് ഇനിയും വർദ്ധിക്കും.