kozhikode

കോഴിക്കോട്: നിരോധനാജ്ഞയ്‌ക്ക് പിന്നാലെ ലോക്ക്ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ കോഴിക്കോട് നിയന്ത്രണങ്ങളുടെ വലയത്തിലായി.

അവശ്യസാധനങ്ങളുടെ കടകൾ ഒഴികെ നഗരത്തിൽ ഇന്നലെ കടകമ്പോളങ്ങൾ ഏതാണ്ട് പൂർണമായു അടഞ്ഞു കിടന്നു. വാഹനങ്ങൾ കാര്യമായി നിരത്തിലിറങ്ങിയില്ല. ട്രെയിനും ബസുമുൾപ്പെടെ പൊതുഗതാഗതം നിശ്ചലമായി. ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള സർവീസുകളും നിറുത്തി.

പൊതു സ്ഥലങ്ങളിലുൾപ്പെടെ അഞ്ചിൽ കൂടുതൽ ആളുകൾ കൂടിച്ചേരുന്നതിന് നേരത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

തുറന്നു പ്രവർത്തിച്ച സൂപ്പർ മാർക്കറ്റുകൾക്കു മുന്നിൽ രാവിലെ മുതൽ വലിയ തിരക്കായിരുന്നു. പത്ത് പേരെ വീതമാണ് സൂപ്പർ മാർക്കറ്റിലേക്ക് കടത്തിവിട്ടത്. അഞ്ചുമണിയോടെ എല്ലാം അടച്ചു. വൈകിട്ട് തിരക്ക് അല്പം വർദ്ധിച്ചിരുന്നു. നഗരത്തിൽ കടകൾ പൂർണായി അടഞ്ഞു കിടന്നപ്പോൾ ഗ്രാമങ്ങളിൽ ചെറിയ കടകൾ തുറന്നു. മെഡിക്കൽ ഷോപ്പുകൾ തുറക്കണമെന്ന നിർദ്ദേശമുണ്ടായിട്ടും പലതും അടഞ്ഞു കിടന്നു.

മത്സ്യവിപണന കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാനുള്ള നിർദ്ദേശം ഫലം കണ്ടു. എന്നാൽ ബീറവേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ തിരക്കനുഭവപ്പെട്ടു. മിഠായിത്തെരുവ് ആളൊഴിഞ്ഞു കിടന്നു. പാളയത്തും വലിയങ്ങാടിയിലും തിരക്ക് കുറവായിരുന്നു. ഹോട്ടലുകൾ പ്രവർത്തിച്ചില്ല.

നഗര, ഗ്രാമ പാതകളും വിജനമായിരുന്നു. ആളുകൾ തെരുവിലിറങ്ങാതിരിക്കാൻ നഗരത്തിൽ പൊലീസിനെ വിന്യസിച്ചിരുന്നു. പൊലീസ് നിരീക്ഷണം കർശനമാക്കി. ബൈക്കിലും കാറുകളിലുമായി മറ്റും കറങ്ങാനിറങ്ങിയവരെ തടഞ്ഞു.
വിദേശത്തു നിന്നെത്തിയർ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ പൊലീസും ആരോഗ്യ പ്രവർത്തകരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ശ്രദ്ധിച്ചു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ദ്രുതകർമ സംഘാംഗങ്ങളും സജീവമായി.