മാനന്തവാടി: കർണാടകയിൽ നിന്ന് വാഹനങ്ങളിൽ വയനാട്ടിലേക്ക് വന്ന യാത്രക്കാർ 11 മണിക്കൂർ നേരം ദുരിതത്തിലായി. വയനാട് ജില്ലാകലക്ടറുടെ ഇടപെടലിനെ തുടർന്നാണ് ഏറെ വൈകി അവർ കേരളത്തിലേക്കെത്തിയത്. ഇന്നലെ രാവിലെ കർണാടക ഫോറസ്റ്റ് അതിർത്തി ആരംഭിക്കുന്ന വനമേഖലയിലെ ഉതുപ്പൂർ വനംവകുപ്പ് ചെക്ക്പോസ്റ്റാണ് തുറക്കാതിരുന്നത്. കാർ, ബൈക്ക് അടക്കമുള്ള വാഹനങ്ങളും പച്ചക്കറിയടക്കമുള്ള നിത്യോപയോഗ സാധനങ്ങൾ കൊണ്ടുവന്ന വണ്ടികളും ചെക്ക്പോസ്റ്റിൽ തടഞ്ഞിട്ടു. വിവരമറിഞ്ഞ് വയനാട് ജില്ലാകലക്ടർ ഡോ. അദീല അബ്ദുള്ള മൈസൂർ കലക്ടറും കർണാടകയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ഉച്ചയ്ക്ക് ഒരു മണിയോടെ ഫോറസ്റ്റ് ചെക്ക്പോസ്റ്റ് തുറന്നുകൊടുക്കുകയുമായിരുന്നു.

രാജീവ്ഗാന്ധി നാഷണൽ പാർക്കിലൂടെ ഒമ്പത് കിലോമീറ്റർ യാത്ര ചെയ്ത് വാഹനങ്ങൾ ഒന്നേമുക്കാലോടെ കർണാടകയിലെ തന്നെ ബാവലി ചെക്ക്പോസ്റ്റിലെത്തിയപ്പോൾ അവിടെയും തടഞ്ഞുവെച്ചു. ഇതിനിടെ പല വാഹനങ്ങളിലെയും യാത്രക്കാർക്ക് വെള്ളമോ ഭക്ഷണമോ കിട്ടാതെ ദദരിതത്തിലായി.

വീണ്ടും വയനാട് ജില്ലാകലക്ടർ കർണാടക വനംവകുപ്പ് അധികൃതരുമായും മൈസൂർ ജില്ലാകലക്ടറുമായി സംസാരിച്ചതിനെ തുടർന്ന് മൂന്ന് മണിക്കൂറിന് ശേഷം വൈകുന്നേരം 4.45 ഓടെ കർണാടക വനംവകുപ്പ് അധികൃതർ ചെക്ക്പോസ്റ്റ് തുറന്നുകൊടുക്കുകയായിരുന്നു. യാത്രക്കാർ 11 മണിക്കൂർ നീണ്ട ദുരിതത്തിന് ശേഷം വൈകീട്ട് 4.50ഓടെയാണ് കേരള അതിർത്തിയിലെത്തിയത്.