മാനന്തവാടി: ഏറ്റവും കൂടുതൽ പണമിടപാടുകൾ നടക്കുന്ന മാർച്ച് മാസത്തിൽ ഉണ്ടായ രോഗ ബാധയിൽ ഏറെ പ്രതിസന്ധിയിലായിരിക്കയാണ് ബാങ്ക് ജീവനക്കാർ. കൊറോണ വൈറസ് വ്യാപനം തടയാൻ എല്ലാ ബാങ്കുകളും മുൻകരുതലുകൾ
ശക്തമാക്കി. ബാങ്കിലെത്തുന്ന ഇടപാടുകാർ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് ബാങ്ക് ശാഖകൾക്ക് മുന്നിൽ നോട്ടീസുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
ബാങ്കിൽ എത്തുന്നവർക്ക് സാനിറ്റൈസർ ഉപയോഗിച്ച് കൈ അണുവിമുക്തമാക്കാനുള്ള സൗകര്യവും ഏർപ്പെടുത്തി. പല
ബാങ്കുകളും ഇടപാടുകാർക്ക് സൗജന്യമായി മാസ്‌കുകളും നൽകുന്നുണ്ട്.
ആളുകൾ കൂട്ടത്തോടെ ബാങ്കിനുള്ളിലേക്ക് പ്രവേശിക്കുന്നതും കൂട്ടംകൂടി നിൽക്കുന്നതും കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ബാങ്കിൽ എത്തരുതെന്നാണ് ബാങ്ക് അധികൃതരുടെ അഭ്യർഥന.
ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ് തുടങ്ങിയവ കഴിവതും ഉപയോഗിക്കാനാണ് ബാങ്ക് അധികൃതർ നിർദേശിക്കുന്നത്. അക്കൗണ്ട് വിവരങ്ങൾ അറിയാൻ ബാങ്കിലെത്തുന്നത് ഒഴിവാക്കി ഫോണിൽ ബന്ധപ്പെടണമെന്നാണ് നിർദേശം.
പല ബാങ്കുകളിലും ഒരു സമയത്ത് 5 പേരെ മാത്രമേ അകത്ത്
പ്രവേശിപ്പിക്കുന്നുള്ളു. ശാഖകളിലേയ്ക്ക് അത്യാവശ്യക്കാരെ മാത്രം
കയറ്റിവിട്ട് തിരക്ക് നിയന്ത്രിക്കുന്നതിനായി ജീവനക്കാരെ
നിയോഗിച്ചിട്ടുണ്ട്.
ഫെഡറൽ ബാങ്ക് പ്രവർത്തി സമയം ഒരു മണി മുതൽ രണ്ടു വരെയായി ചുരുക്കി. അനാവശ്യമായി കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവരുമായി ബാങ്കിൽ വരരുത്. ചുമ, പനി, ജലദോഷം, ശ്വാസതടസം തുടങ്ങിയവ ഉള്ളവർ ബാങ്കിൽ വരരുത് തുടങ്ങിയ നിർദേശങ്ങളും അധികൃതർ നൽകുന്നുണ്ട്.
കനറാ ബാങ്ക് ശാഖകളിൽ സ്വിച്ച് അമർത്തി ടോക്കൺ എടുക്കുന്ന സംവിധാനം, ബയോമെട്രിക്ക് വിത്‌ഡ്രോവൽ സംവിധാനം എന്നിവ നിർത്തിവെച്ചു.