സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വാഹനത്തിൽ കൊണ്ടുവരികയായിരുന്ന പച്ചക്കറികൾ കർണാടകയിലെ കക്കൽതൊണ്ടിയിൽ വെച്ച് കർണാടക പൊലീസും വനം വകുപ്പും ചേർന്ന് തടഞ്ഞിട്ടു. രണ്ട് മണിക്കൂറിന് ശേഷം ഇരു സംസ്ഥാനങ്ങളിലെയും അതിർത്തി ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് വാഹനങ്ങൾ കടത്തിവിടുകയായിരുന്നു.

കർണാടകയിൽനിന്ന് കേരളത്തിലേക്ക് വരുന്ന വാഹനങ്ങളോട് തിരികെ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയാണ് വിടുന്നത്. അതേസമയം കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്ന വാഹനങ്ങളും അതിർത്തിയിൽ കർശന പരിശോധനയ്ക്ക് വിധേയമാക്കുകയും വളരെ അത്യാവശ്യം മാത്രമുള്ള വാഹനങ്ങൾ കടത്തിവിടുകയും മറ്റുള്ള വാഹനങ്ങൾ തിരിച്ചയക്കുകയുമാണ് ചെയ്യുന്നത്.
അതിർത്തി ചെക്ക്പോസ്റ്റായ മുത്തങ്ങയിലും കർണാടകയിലെ കക്കൽതൊണ്ടിയിലുമാണ് ഇരു സംസ്ഥാനങ്ങളും പരിശോധന കർശനമാക്കിയിട്ടുള്ളത്. കർണാടകയിൽ പച്ചക്കറിയുമായി വന്ന വാഹനങ്ങൾ രാവിലെ കക്കൽതൊണ്ടിയിൽ തടഞ്ഞിട്ടതോടെ മലബാറിലേക്ക് പച്ചക്കറി കൊണ്ടുവരാൻ പോയ വാഹനങ്ങൾ തിരിച്ചുപോരുകയായിരുന്നു. പച്ചക്കറി ഉൾപ്പെടെയുള്ള ആവശ്യ സാധനങ്ങൾ കൊണ്ടുവരുന്നകാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണെന്ന് വാഹന ഡ്രൈവർമാർ പറയുന്നു.
മുത്തങ്ങ അതിർത്തിയിൽ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി റെജികുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഇരുഭാഗത്ത് നിന്നും എത്തുന്ന അത്യാവശ്യമുള്ള യാത്രക്കാരെ കർശന പരിശോധനയ്ക്ക് വിധേയമാക്കിയാണ് കടത്തിവിടുന്നത്. അനാവശ്യമായി എത്തുന്നവരെ മുന്നറിയിപ്പ് നൽകി മടക്കി അയക്കുകയാണ്.

മുത്തങ്ങയിൽ യാത്രക്കാരുടെ ദേഹത്തും, വാഹനത്തിലും അണുനാശിനി ഫയർ ആൻഡ് റെസ്‌ക്യു ഫോഴ്സിന്റെ നേതൃത്വത്തിൽ സ്‌പ്രേ ചെയ്തശേഷം പരിശോധന നടത്തിയാണ് കടത്തിവിടുന്നത്.

ഫോട്ടോ അടിക്കുറിപ്പ്
കർണാടകയിൽ നിന്നെത്തിയ യാത്രക്കാരുടെ ദേഹത്ത് ഫയർ ആന്റ് റെസ്‌ക്യു ഫോഴ്സ് അണു നാശിനി സ്‌പ്രേ ചെയ്യുന്നു.