സുൽത്താൻ ബത്തേരി : ജില്ലാ കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച കുറ്റത്തിന് മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. കല്ലൂരിലെ രണ്ട് ഹോട്ടൽ ഉടമകൾക്കെതിരെയും ജീപ്പിൽ തൊഴിലാളികളെ കുത്തിനിറച്ചുകൊണ്ടുവന്ന ജീപ്പ് ഡ്രൈവർക്കെതിരെയുമാണ് കേസ്.

കല്ലൂരിലെ റോളക്സ് ഹോട്ടൽ ഉടമ അഷറഫ് (50), സാഗർ ഹോട്ടൽ നടത്തുന്ന പി.ഹംസ (56) ജീപ്പ് ഡ്രൈവർ തലപ്പുഴ സ്വദേശി റീയാസ്(45) എന്നിവർക്കെതിരെയാണ് ബത്തേരി പൊലീസ് കേസെടുത്തത്. രോഗപ്രതിരോധ സംവിധാനങ്ങളില്ലാത്ത നിലയിൽ ഹോട്ടലിന് പുറത്തും അകത്തും ആളുകൾ കൂടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഹോട്ടൽ നടത്തിപ്പുകാർക്കെതിരെ കേസെടുത്തത്. ഇവരെ അറസ്റ്റ്‌ചെയ്ത് ജ്യാമത്തിൽ വിട്ടയച്ചു.


ലോക്ക്ഡൗൺ ബത്തേരിയിൽ പൂർണം
സുൽത്താൻ ബത്തേരി: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ബത്തേരിയിലും പരിസരപ്രദേശങ്ങളിലും പൂർണമായിരുന്നു. പട്ടണത്തിൽ അവശ്യ സാധന വിൽപ്പന കടകൾ മാത്രമാണ് തുറന്നത്. ചുരുക്കം ചില ഓട്ടോ ടാക്സികളും ചില സ്വകാര്യ വാഹനങ്ങളും മാത്രം പുറത്തിറങ്ങി. രാവിലെ ഓഫീസ് സമയത്ത് പുറത്തിറങ്ങിയ ഓട്ടോ ടാക്സികൾ പിന്നീട് ഓട്ടം നിർത്തി. ആളുകൾ കൂടുന്നത് ഒഴിവാക്കാനായി ബത്തേരി സി.ഐ. സുനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പട്ടണത്തിൽ രാവിലെ മുതൽ ക്യാമ്പ് ചെയ്തിരുന്നു.