കോഴിക്കോട്: രാഷ്ട്രം നേരിടുന്ന മഹാവിപത്തിൽ നിന്ന് രക്ഷ നേടുന്നതിനായി പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ കീഴിലുള്ള മുഴുവൻ ക്ഷേത്രങ്ങളിലെയും കാര്യക്രമങ്ങൾ ചിട്ടപ്പെടുത്തണമെന്ന് സമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വഴിപാട് കൗണ്ടറുകൾ പൂർണമായും അടച്ചിടണം. ഭക്തജനങ്ങൾ ക്ഷേത്രദർശനം പൂർണമായി ഒഴിവാക്കണം. ഉത്സവം നിശ്ചയിച്ച ക്ഷേത്രങ്ങളിലും നിശ്ചയിക്കാനിരിക്കുന്ന ക്ഷേത്രങ്ങളിലും തന്ത്രിമാരുമായി കൂടിയാലോചിച്ച് ഉത്സവങ്ങൾ മാറ്റിവെക്കണം. നിത്യപൂജകൾ പരിമിതപ്പെടുത്തുന്ന കാര്യത്തിലും തന്ത്രിമാരുമായി ആലോചിച്ച് ആവശ്യമായ ക്രമീകരണങ്ങൾ നടത്തണം. ഭക്തജനങ്ങൾക്ക് വീട്ടിൽ സ്വസ്ഥമായിരിക്കാൻ ലഭിച്ച അവസരം ഗുണകരമായ രീതിയിൽ വിനിയോഗിക്കണം. ആദ്ധ്യാത്മിക സാധനകൾക്കും സത്ഗ്രന്ഥ പാരായണത്തിനും വേണ്ടി കൂടുതൽ സമയം ചെലവഴിക്കണം.

ആരോഗ്യരംഗത്ത് ത്യാഗപൂർണമായ സേവനം ചെയ്യുന്നവരുടെയും സഹജീവികളുടെയും ക്ഷേമത്തിനായി കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് പ്രാർത്ഥിക്കണം.

യുവസമിതി പ്രവർത്തകർ വീടുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സേവനം എത്തിക്കാൻ ശ്രദ്ധിക്കണമെന്നും സമിതി പ്രസ്താവനയിൽ

അഭ്യർത്ഥിച്ചു.