കോഴിക്കോട് : കൊറോണയ്ക്കെതിരെ കരുതൽ തുടരുമ്പോഴും മറ്റ് രോഗങ്ങൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി ജില്ലാ ആരോഗ്യ വിഭാഗം. മെഡിക്കൽ കോളേജിലെ എം.സി.എച്ച് ബ്ലോക്ക് കൊറോണ ആശുപത്രിയാക്കി മാറ്റി. എന്നാൽ
മെഡിക്കൽ കോളേജിൽ നിലവിൽ ലഭിക്കുന്ന ഒ.പി.സൗകര്യങ്ങൾ മുടങ്ങില്ല.
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഗൈനക്കോളജി, ശിശുരോഗ വിഭാഗങ്ങൾ ഒഴിച്ച് മറ്റെല്ലാ സേവനങ്ങളും ലഭിക്കും. കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിൽ ഗൈനക്കോളജി, ശിശുരോഗ ചികിത്സകൾ തുടരും.
കൊറോണ ലക്ഷണങ്ങൾ അല്ലാത്ത രോഗങ്ങൾക്ക് സമീപത്തെ താലൂക്ക് ആശുപത്രിയിലോ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലോ ചികിത്സ തേടേണ്ടതാണെന്ന് ഡി.എം.ഒ ഡോ.വി.ജയശ്രീ അറിയിച്ചു. ഇതിനായി എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വൈകീട്ട് 6 മണിവരെ ഒ.പി സൗകര്യം ഉണ്ടായിരിക്കും. ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും എല്ലാ താലൂക്ക് ആശുപത്രികളിലും 24 മണിക്കൂറും ചികിൽസ ലഭിക്കും. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽകൂടി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.