കൽപ്പറ്റ: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന്റെ ഭാഗമായി സംസ്ഥാന അതിർത്തി ചെക്‌പോസ്റ്റുകൾ വഴി കേരളത്തിലേക്കുള്ള വാഹനങ്ങളുടെ വരവ് കർശനമായി നിരോധിച്ചു.
ഇന്നലെ (ചൊവ്വ) രാത്രി വരെ അതിർത്തിയിൽ എത്തിയ യാത്രക്കാരെ ജില്ലയിലെ വിവിധ കോവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റും. ഇവരെ ഒരു കാരണവശാലും സ്വന്തം ജില്ലകളിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു.
ഇക്കാര്യത്തിൽ കർശന നിലപാട് സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പിനും പൊലീസിനും നിർദേശം നൽകിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലുള്ളവർ അതാത് ഇടങ്ങളിൽ തന്നെ കഴിയണം. ഏതെങ്കിലും തരത്തിലുള്ള ആവശ്യങ്ങൾ ഉണ്ടെങ്കിൽ അതാത് സംസ്ഥാനങ്ങളിലെ ഭരണ കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടത്.
കോവിഡ് കെയർ സെന്ററുകളിൽ പ്രവേശിപ്പിക്കുന്നവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ജില്ലാ ഭരണകൂടം നൽകും. ഇവർ 21 ദിവസം കർശന നിരീക്ഷണത്തിലായിരിക്കും.
ന്യായമായ ആവശ്യത്തിനല്ലാതെ പുറത്തിറങ്ങാൻ പാടില്ല.
ജില്ലയിൽ യാത്രാ വിലക്കിന്റെ ഭാഗമായി വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ അറിയിച്ചു. ന്യായമായ ആവശ്യങ്ങൾക്കല്ലാതെ ആളുകൾ പുറത്തിറങ്ങാൻ പാടില്ല.
മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി മാത്രമാണ് നിലവിൽ ചരക്ക് വാഹനങ്ങളുടെ ഗതാഗതത്തിന് അനുമതിയുള്ളത്. വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ട് പേരെ മാത്രമാണ് അനുവദിക്കുക. ഐ.ഡി കാർഡ്, നിരീക്ഷണത്തിൽ കഴിയുന്നവരല്ല എന്നുള്ള ആരോഗ്യ വകുപ്പിന്റെ അനുമതിരേഖ എന്നിവ പരിശോധിച്ചതിന് ശേഷമാണ് വാഹനങ്ങൾ ഇരു സംസ്ഥാനങ്ങളിലേക്കും കടത്തി വിടുക.
ജില്ലയിൽ സർക്കാർ ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് അവരുടെ ഐ.ഡി കാർഡ് ഉപയോഗിച്ച് സഞ്ചരിക്കാം. മറ്റ് വ്യാപാര സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തികൾക്കും അവശ്യ സേവനം ഉറപ്പ് വരുത്തുന്നവർക്കും പൊലീസ് സ്റ്റേഷനിൽ നിന്ന് പാസ് ലഭിക്കും.
ചരക്ക് വാഹനങ്ങൾക്ക് പാസ് നൽകും
കൽപ്പറ്റ: ജില്ലയിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ഭക്ഷ്യ വസ്തുക്കൾ കയറ്റുന്നതിനായി പോവുന്ന വാഹനങ്ങൾക്ക് ആർ.ടി.ഒ മുഖേന പാസ് അനുവദിക്കും. ചരക്ക് വാഹനങ്ങളിൽ ആർ.ടി.ഒ നൽകുന്ന സ്റ്റിക്കർ പതിക്കണം. ജില്ലയിൽ അവശ്യ സാധനങ്ങളുടെ വിതരണം മുടക്കമില്ലാതെ നടത്തുന്നതിന് വ്യാപാരികൾ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കളക്‌ട്രേറ്റിൽ വിളിച്ച് ചേർത്ത വ്യാപാരികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
അന്യ സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തുന്ന ചരക്ക് വാഹനങ്ങൾ പൊലീസ് നിർദേശിക്കുന്ന സമയക്രമം പാലിക്കണം. അവശ്യ വസ്തുക്കൾ വാങ്ങുന്നതിനായി കടകളിൽ എത്തുന്നവർ സത്യവാങ്മൂലം, ഐ.ഡി കാർഡ് എന്നിവ കരുതേണ്ടതാണ്. വ്യാപാര സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്കും അവശ്യ സേവനം ഉറപ്പ് വരുത്തുന്നവർക്കും പൊലീസ് സ്റ്റേഷനിൽ നിന്ന് പാസ്സ് ലഭിക്കും. ജില്ലാ പൊലിസ് മേധാവി ആർ.ഇളങ്കോ, ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ പി.സി.മജീദ്, ആർ.ടി.ഒ ജെയിംസ് മാത്യു എന്നിവർ പങ്കെടുത്തു.
ആരോഗ്യ മേഖലയിലെ ഒരുക്കങ്ങൾ വിലയിരുത്തി
കൽപ്പറ്റ: കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ മേഖലയിലെ സ്ഥിതിഗതികൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അവലോകനം ചെയ്തു. ആശുപത്രികളിലെ ചികിത്സാ സൗകര്യം, വെന്റിലേറ്ററുകൾ, കോവിഡ് കെയർ സെന്ററുകൾ, ആംബുലൻസ് തുടങ്ങിയവയുടെ ലഭ്യത, ആശുപത്രികളിലെ ഐസൊലേഷൻ സംവിധാനം തുടങ്ങിയവ യോഗം വിലയിരുത്തി. ജില്ലയിലെ ഡോക്ടർമാരും നഴ്സ്‌മാരും യോഗത്തിൽ പങ്കെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക സ്ഥിതിഗതികൾ വിശദീകരിച്ചു.
ആശുപത്രി ജീവനക്കാർക്ക് ആശുപത്രിയുടെ സമീപ പ്രദേശങ്ങളിൽ താമസ സൗകര്യം ഒരുക്കും. മാസ്‌ക്കുകളുടെ ലഭ്യത ഉറപ്പ് വരുത്തും. ആശുപത്രി പ്രവർത്തനത്തിന്റെ ഏകോപനത്തിൽ ബ്ലോക്ക് തലത്തിൽ ഡോക്ടർമാർക്ക് ചുമതല നൽകി ആവശ്യത്തിന് നഴ്സുമാരെ താത്ക്കാലിക അടിസ്ഥാനത്തിൽ നിയമിക്കും. രോഗലക്ഷണമുള്ളവരുടെ സാമ്പിൾ പരിശോധനയ്ക്ക് എടുക്കുന്നതിന് ഡോക്ടർമാർക്കും നഴ്സ്‌മാർക്കും പ്രത്യേക പരിശീലനം നൽകും. വെന്റിലേറ്റർ ഉപയോഗം സംബന്ധിച്ചും പരിശീലനം നടന്നുവരികയാണ്.