കോഴിക്കോട്: പൊതുവിപണിയിൽ വിലക്കയറ്റം ഒഴിവാക്കാനും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാനുമായി സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥസംഘം 14 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
മലാപ്പറമ്പ്, വെള്ളിമാടുകുന്ന്, മാങ്കാവ്, കുതിരവട്ടം എന്നിവിടങ്ങളിലായിരുന്നു പരിശോധന. കുതിരവട്ടത്ത് പ്രവർത്തിക്കുന്ന പൊതുവിപണന സ്ഥാപനത്തിൽ പച്ചക്കറി, പലവ്യഞ്ജനങ്ങൾക്ക് അമിതവില ഈടാക്കിയത് ശ്രദ്ധയിൽപ്പെട്ടതോടെ ഈ കടയ്ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
നിത്യോപയോഗ സാധനങ്ങൾക്ക് അമിതവില ഈടാക്കരുതെന്നും സാധനങ്ങൾ പൂഴ്ത്തി വയ്ക്കരുതെന്നും ഉദ്യോഗസ്ഥർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് നോർത്ത്, സിറ്റി റേഷനിംഗ് ഓഫീസർമാരും റേഷനിംഗ് ഇൻസ്‌പെക്ടർമാരും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.