മാനന്തവാടി: ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഇന്നലെ വയനാട്ടിലെത്തിയ 277 പേരെ ജില്ലയിലെ വിവിധ നിരീക്ഷണ ക്യാമ്പുകളിൽ താമസിപ്പിച്ചു. ബാവലി ചെക്ക്പോസ്റ്റ് വഴിയെത്തിയ 46 പേരെയും മുത്തങ്ങ ചെക്ക്പോസ്റ്റ് വഴിയെത്തിയ 231 പേരെയുമാണ് മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിലെ പ്രത്യേകം സജ്ജമാക്കിയ ക്യാമ്പുകളിലേക്ക് മാറ്റിയത്. ഇവർ ആരോഗ്യവകുപ്പിന്റെയും, പൊലീസിന്റെയും നിരീക്ഷണത്തിലായിരിക്കും.
സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ക്യാമ്പിലുണ്ട്. ഗർഭിണിയായ ഒരു സ്ത്രീയും ഈ കൂട്ടത്തിൽ ഉണ്ട്. അവരെയും ഭർത്താവിനെയും കൽപ്പറ്റയിലേക്ക് മാറ്റി. സ്വകാര്യ ലോഡ്ജമുകൾ അടക്കമുള്ളവയാണ് നിരിക്ഷണ ക്യാമ്പായി പ്രവർത്തിക്കുന്നത്.
ഇന്നലെ രാവിലെ കർണാടക ചെക്ക്പോസ്റ്റിൽ നിന്ന് ഇവരെ വിട്ടയച്ചുവെങ്കിലും കേരള ചെക്ക്പോസ്റ്റുകളിൽ തടഞ്ഞുവെക്കുകയായിരുന്നു. എന്നാൽ ജില്ലാകലക്ടറുടെ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ഇവരെ കേരളാ അതിർത്തി കടത്തിവിടുകയും മുഴുവൻ പേരെയും നിരിക്ഷണത്തിൽ നിർത്താൻ വിവിധ സ്ഥലങ്ങളിലെക്ക് മാറ്റുകയുമായിരുന്നു.
ബത്തേരി മിന്റ് ഫ്ളവർ, ലേ സഫയർ, റീജൻസി, വയനാടിയൻ റിസോർട്ട്, മാനന്തവാടി വയനാട് സ്ക്വയർ, കൽപ്പറ്റ ഗ്റീൻ ഗേറ്റ്സ് എന്നിവിടങ്ങളിൽ ആളുകളെ പാർപ്പിച്ചിട്ടുണ്ട്.