img202003
ഭക്ഷ്യവസ്തുക്കളുടെ കിറ്റ് തയ്യാറാക്കുന്ന ജോലിയിൽ വ്യാപൃതരായ യുവാക്കൾ

മുക്കം: ലോക്ക് ഡൗണിൽ വിശന്നിരിക്കുന്നവരെ സഹായിക്കാൻ ഭക്ഷണ കിറ്റുമായി 'നൗഷാദിന്റെ സുഹൃത്തുക്കൾ'. പ്രളയകാലത്ത് സഹായഹസ്തവുമായെത്തിയ നൗഷാദ് കൊച്ചിയെ മാതൃകയാക്കി പ്രവർത്തിക്കുന്ന യുവാക്കളാണ് ഭക്ഷ്യവസ്തുക്കളുടെ കിറ്റ് തയ്യാറാക്കുന്നത്. ഓരോ കുടുംബത്തിനും ആവശ്യമായ ഭക്ഷണ സാധനങ്ങൾ അടങ്ങുന്ന കിറ്റ് സൗജന്യമായി വിതരണം ചെയ്യുകയാണ് നൗഷാദിന്റെ സുഹൃത്തുക്കളെന്നറിയപ്പെടുന്ന പത്തംഗ സംഘത്തിന്റെ ഉദ്ദേശം. പുഴുക്കലരി,കഞ്ഞി അരി, ഉപ്പ്, മുളക്, ചമ്മന്തികൂട്ട്, ബിസ്ക്കറ്റ് തുടങ്ങിയവയെല്ലാം ഇവരുടെ കിറ്റിലുണ്ട്. പ്രളയ കാലത്തും നിപ്പ പടർന്നപ്പോഴും ഈ സംഘം സഹായവുമായി രംഗത്തുണ്ടായിരുന്നു. മജീദ് പുളിക്കൽ, നൗഷാദ് നൗഷി, ഹാരിസ് എരഞ്ഞിമാവ്, ഹർഷദ് എരഞ്ഞിമാവ്, മുബാറക്ക് തുടങ്ങിയവർ അടങ്ങുന്നതാണ് സംഘം. ആദ്യഘട്ടത്തിൽ ആയിരം കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് എത്തിക്കും.