സ്ത്രീകളും കുട്ടികളും ഉൾപ്പെടെ രാത്രി മുഴുവൻ ചെക്ക്‌പോസ്റ്റിൽ
സുൽത്താൻ ബത്തേരി: നാട്ടിലേക്ക് തിരിച്ച കർണാടകയിലെ വിവിധ സ്ഥാപനങ്ങളിൽജോലി ചെയ്യുന്ന മലയാളികളെ അതിർത്തി ചെക്ക്‌പോസ്റ്റിൽ തടഞ്ഞു വെച്ചു. ഒരു രാത്രി മുഴുവൻ അതിർത്തി ചെക്ക്‌പോസ്റ്റിൽ കാത്തുകിടക്കേണ്ടി വന്ന ഇവർക്ക് ഇന്നലെ രാവിലെ 9 മണിയോടെയാണ് ചെക്ക്‌പോസ്റ്റ് കടക്കാനായത്. കർണാടക ചെക്ക്‌പോസ്റ്റിൽ നിന്ന് കടത്തിവിട്ട ആളുകൾ കൂട്ടമായി എത്തിയതോടെ കേരള അതിർത്തി ചെക്ക്‌പോസ്റ്റിലും തടഞ്ഞു. പിന്നീട് ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടർന്ന് ഇവരെ നിരീക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റി.
ബംഗളുരു, മൈസൂരു എന്നിവിടങ്ങളിലെ വിവിധ ഐ.ടി കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവരാണ് നാട്ടിലേക്ക് വരുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ട് കർണാടകയിലെ മഥൂർ ചെക്ക്‌പോസ്റ്റിൽ കുടുങ്ങിയത്. രാത്രിയാത്രാ നിരോധനം നിലനിൽക്കുന്നതിനാൽ രാത്രി ഒമ്പത് മണിക്ക്‌ശേഷം വാഹനങ്ങൾ കടത്തിവിടുകയില്ല. സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എട്ടേമുക്കാലോടെ അതിർത്തി ചെക്ക്‌പോസ്റ്റ് അടച്ചു.
കർണാടകയിലെ ഐ.ടി കമ്പനികൾ തിങ്കളാഴ്ച അടച്ചിട്ടതോടെയാണ് അവിടുത്തെ മലയാളി ജീവനക്കാർ നാട്ടിലേക്ക് തിരിച്ചത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മൈസൂരിൽ കർശന പരിശോധനയാണ് നടക്കുന്നത്. അതിർത്തി ചെക്ക്‌പോസ്റ്റിലെത്തിയപ്പോഴേക്കും ചെക്ക്‌പോസ്റ്റ് അടയ്ക്കുകയും ചെയ്തു.
കുട്ടികളടക്കം നിരവധിപേരാണ് രാത്രി മുഴുവൻ ചെക്ക്‌പോസ്റ്റിൽ കഴിച്ചുകൂട്ടിയത്. ഇന്ത്യയൊട്ടാകെ സമ്പൂർണലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ അതിർത്തി കടത്തി വിടാൻ നിർവ്വഹമില്ലെന്ന് ചെക്ക്‌പോസ്റ്റ് അതികൃതർ വ്യക്തമാക്കി. പിന്നീട് കർണാടകയിലെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് രാവിലെ ഒമ്പത് മണിയോടെ കേരളത്തിലേക്ക് കടത്തിവിടുകയായിരുന്നു.
കേരള അതിർത്തിയായ മുത്തങ്ങ ചെക്ക്‌പോസ്റ്റിൽ കൂട്ടമായി ആളുകൾ എത്തിയതോടെ കേരളത്തിലേക്ക് കടത്തിവിട്ടില്ല. ആളുകളെ തിരിച്ചയയ്ക്കാൻ ശ്രമിച്ചങ്കിലും കർണാടകയിലേക്ക് കടത്തുകയില്ലെന്ന് കർണാടക അധികൃതർ വ്യക്തമാക്കിയതോടെ ജില്ലാ ഭരണകൂടം ഇടപെട്ട് മലയാളികളെ കേരളത്തിലേക്ക് കടത്തി വിടാൻ തീരുമാനിക്കുകയായിരുന്നു. കൊറോണ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിലേക്ക് അന്യ സംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനങ്ങൾ കടത്തിവിടുന്നത് കേരളം തടഞ്ഞിരുന്നു. ഇതോടെ കേരള റജിസ്‌ട്രേഷനുള്ള വാഹനങ്ങൾ മാത്രം കടത്തി വിട്ടു. പിന്നീട് കേരളത്തിൽ സ്ഥിരതാമസക്കാരാണന്ന് തെളിയിക്കുന്ന തിരിച്ചറിയൽ കാർഡ് കാണിക്കുകയും വ്യക്തമായ തെളിവ് ഹാജരാക്കുകയും ചെയ്ത മലയാളികളെയാണ് പരിശോധിച്ച് കേരളത്തിലേക്ക് കടത്തിവിട്ടത്.
കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ഈ ആളുകളെ ജില്ലാ ഭരണകൂടം ബത്തേരിയിലെ മൂന്ന് കേന്ദ്രങ്ങളിലും കൊളഗപ്പാറയിലെ ഒരുകേന്ദ്രത്തിലുമായി താമസിപ്പിച്ച് നിരീക്ഷിച്ചുവരുകയാണ് . ഇവരെ മൂന്ന് ആഴ്ച നിരീക്ഷിച്ചതിന്‌ശേഷം മാത്രമെ സ്വന്തം വീടുകളിലേക്ക് വിടുകയുള്ളു. കുട്ടികളടക്കം 181പേരെയാണ് നാല്‌കേന്ദ്രങ്ങളിൽ താമസിപ്പിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് നിരീക്ഷണകേന്ദ്രത്തിൽ കഴിയുന്നത്. കർണാടകയിലെ ഉന്നതപോലീസ് ഉദ്യോഗസ്ഥർ ഇന്നലെ വൈകുന്നേരം മുത്തങ്ങയിലെത്തി വയനാട് എസ്.പിയുമായി സ്ഥിതിഗതികൾ ചർച്ചചെയ്തു.
കർണാടകയിലെ മഥൂർ ചെക്ക്‌പോസ്റ്റും കേരളത്തിന്റെ മുത്തങ്ങ ചെക്ക്‌പോസ്റ്റും പൂർണമായി അടച്ചു.